Monday, December 20, 2010

അലസിപ്പോയ ഒരു ഗര്‍ഭവും അനഭിജാത ജന്മവും (തുടര്‍ച്ച)

കഥ ഇതുവരെ..

പൂമരച്ചില്ലയുടെ ചര്‍ച്ചകളും മറ്റുമായി പിന്നെയും കുറെ ദിവസങ്ങള്‍ കൂടി കടന്നു പോയി. അതിനിടെ ഓരോരുത്തര്‍ ഓരോ ആവശ്യങ്ങളുമായി വീണ്ടും സന്ധിപ്പോം വ്യവസ്ഥയില്‍ താല്‍ക്കാലികമായി പിരിഞ്ഞു. ഒന്ന് രണ്ടാഴ്ചകള്‍ കഴിഞ്ഞു ഒരു മധ്യാഹ്നത്തില്‍ ഞാന്‍ മധുരിമയില്‍ ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുമ്പോള്‍ അതാ ഒരു ചെറിയ സംഘം കയറിവരുന്നു. വരവില്‍ തന്നെ ഒരു അടിയന്തരാവസ്ഥ പ്രകടമായിരുന്നു. അതുകൊണ്ട് ഞാന്‍ പെട്ടെന്ന് തന്നെ കുട്ടികളെ (ആറിനും അറുപതിനും ഇടയ്ക്കുള്ള) എന്തെക്കൊയോ അഭ്യാസങ്ങള്‍ (exercise) നല്‍കി പറഞ്ഞുവിട്ടു.


ഇത്തവണ ഡോ. സദാശിവന്‍ ആയിരുന്നു സംഘത്തലവന്‍. കൂടെ ആലീസും ഉണ്ണികൃഷ്ണനും കൂടാതെ രണ്ട് പുതു മുഖങ്ങളും. താടിവച്ചു മെല്ലിച്ച ഒരു ചെറുപ്പക്കാരന്റെ പേര് വിജയകുമാര്‍. കൂടെയുണ്ടായിരുന്ന ചോക്ലൈറ്റ് യുവാവിന്റെ പേര്‍ ഓര്‍മ്മയില്ല. രണ്ടുപേരും ഇലന്തൂര്‍കാര്‍ (പത്തനംതിട്ടയ്ക്കടുത്തുള്ള ഒരു സ്ഥലം /ക്യാപ്റ്റന്‍ രാജുവിന്റെ നാട്) ഇലന്തൂര്‍ വിജയകുമാര്‍ ഒരു സംവിധായകന്‍ ആയിരുന്നു. അമ്പിളി അമ്മാവന്‍ എന്ന പേരിലുള്ള അദ്ദേഹം ചെയ്ത കുട്ടികളുടെ സിനിമ ഞാന്‍ കണ്ടിരുന്നില്ല. പുതിയ ഒരു പടത്തിന്റെ പ്രോജെക്ടുമായി ആണ് വന്നിരിക്കുന്നത്. കേസില്ലാ വക്കീലിന് ഒരു കൊലക്കേസുമായി വന്ന ഗുമസ്തന്റെ മുഖച്ഛായ ആണ് സദാശിവനും സംഘത്തിനും. വക്കീലിന് കേസുണ്ടെങ്കിലേ ഗുമസ്തന് ശമ്പളമുള്ളൂ. ഞാന്‍ ആണെങ്കില്‍ നിയമം പഠിപ്പിക്കുന്നു എന്നേ ഉള്ളൂ ബാറില്‍ കയറിയിട്ടില്ല...

സംഗതി അല്പം സീരിയസ് ആണ്. പടത്തിന്റെ കാസ്റ്റിങ്ങും ഒക്കെ കഴിഞ്ഞു ഷൂട്ടിംഗ് തീരുമാനിച്ചിരിക്കുകയാണ്. റെക്കോര്‍ഡിംഗ് നടന്നിട്ടില്ല. എത്രയും പെട്ടെന്ന് പാട്ട് എഴുതി സംഗീതം നല്‍കി റെക്കോര്ഡ് ചെയ്യണം. കഴിയുമെങ്കില്‍ പിറ്റേന്ന് തന്നെ........ കവിയുടെ ബീജം മനസ്സിന്റെ ഗര്‍ഭപാത്രത്തില്‍ പേറി ആഴ്ചകളുടെ സര്‍ഗപ്രക്രിയകള്‍ക്കൊടുവില്‍ നൊന്തു പ്രസവിക്കുന്ന ആദര്‍ശ മാനദണ്ഡം ഒക്കെ തല്‍ക്കാലം മാറ്റിവച്ചു പണി തുടങ്ങി. വിജയകുമാര്‍ സിറ്റുവേഷന്‍ വിശദീകരിച്ചു. ഗ്രാമീണ ബ്രാഹ്മണയുവാവിനെ കോളജിലെ നാഗരിക യുവാക്കള്‍ റാഗിങ്ങിനിടെ ഓടിച്ചിട്ട്‌ പിടിച്ചു പാട്ട് പാടിപ്പിക്കുന്നതാണ് രംഗം. പട്ടരു കുട്ടിയായതുകൊണ്ട്‌ സാഹിത്യവും ശാസ്ത്രീയവും മസ്റ്റ്‌!
സദാശിവനെ വത്മീകത്തിലാക്കി ഞങ്ങള്‍ ചായകുടിക്കാന്‍ ഇറങ്ങി. തിരികെ വന്നപ്പോള്‍ പല്ലവി റെഡി! വെറും പല്ലവി അല്ല, "വല്ലകി മീട്ടുന്ന പല്ലവി"!!! പട്ടരുകുട്ടിയെ പാടിപ്പിക്കാന്‍ രാഗാടിഷ്ടിത ഈണം തന്നെ വേണമല്ലോ. മലയാളത്തിലെ പതിവ് രാഗങ്ങളെ മനപ്പൂര്‍വ്വം ഒഴിവാക്കി അധികമാരും കൈവച്ചിട്ടില്ലാത്ത ചന്ദ്രഖോന്‍സ് തിരഞ്ഞെടുത്തു. നിമിഷനേരം കൊണ്ട് ഈണം ചിട്ടപ്പെടുത്തി നോട്ടേഷനിലാക്കി. അപ്പോഴേയ്ക്കും ഡോക്ടര്‍ അനുപല്ലവിയും തരപ്പെടുത്തിക്കഴിഞ്ഞു. പത്തു മിനിട്ട് കൊണ്ട് പാട്ട് റെഡി......അടുത്തത്‌ സൈരന്ധ്രീ നിഹാദ്രം . പത്തു പതിനഞ്ചു മിനിട്ടുകൊണ്ട് അതും റെഡി. "പാതിരാവില്‍ പനിനീര്‍പൂവായി പൌര്‍ണമി എന്തിനു വിരിഞ്ഞു"...

എന്റെ ജോലി തീര്‍ന്നു. ഇനി നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും ഊഴമാണ്. അപ്പോഴാണ്‌ സംവിധായകന്‍ പറയുന്നത്, "നിര്‍മ്മാതാവ് ഔട്ട്‌ ഓഫ് സ്റ്റേഷന്‍ ആണ് , അതു കൊണ്ട് കാര്യങ്ങള്‍ ഒക്കെ നമ്മള്‍ തന്നെ ചെയ്യണം, എല്ലാ ഉത്തരവാദിത്വങ്ങളും സംവിധായകനെ ഏല്പിച്ചിരിക്കുകയാണ്" എന്ന്. ഞാന്‍ ഉടനെ തന്നെ തരംഗിണിയില്‍ കോണ്ടാക്റ്റ് ചെയ്തു ലഭ്യത അനുസരിച്ച് രണ്ടാം ദിവസം സ്റ്റുഡിയോ ബുക്ക്‌ ചെയ്തു. ഇനി അടുത്ത കടമ്പ ഓര്‍കേസ്ട്ര ആണ്. തിരുവനന്തപുരത്തു അക്കാലത്ത് നല്ല ഓര്‍കേസ്ട്ര ലഭ്യമല്ലായിരുന്നു. പ്രത്യേകിച്ച് വയലിന്‍ വിഭാഗം. സ്റ്റുഡിയോ ബുക്ക്‌ ചെയ്തപ്പോള്‍ തന്നെ പെര്‍ക്കഷന്‍ വിഭാഗവും (തബല, മൃദംഗം, തകില്‍ തുടങ്ങിയവ) കിട്ടാവുന്നത്ര കൊള്ളാവുന്ന വയലിനിസ്റ്റ്കളെയും കുക്ക് ചെയ്യാന്‍ ഏല്പിച്ചിരുന്നു. കൂടാതെ കണ്ടക്റ്റ് ചെയ്യാന്‍ ഒരാളെയും. പിറ്റേന്ന് രാവിലെ രണ്ട് ശിങ്കിടികളെ കോട്ടയത്തിനും കൊച്ചിക്കും വിട്ടു. ബാക്കിയുള്ള വയലിനിസ്റ്റ്കളെയും ഫ്ലുട്ടു, ഡ്രം, ഗിറ്റാര്‍ മുതലായവ വായിക്കുന്നവരേയും തപ്പി...വൈകുന്നേരം ആയപ്പോള്‍ എല്ലാം റെഡി. പിറ്റേന്ന് രാവിലെ എല്ലാവരും തരംഗിണിയില്‍ എത്താന്‍ ഏര്‍പ്പാട് ചെയ്തു. വൈകുന്നേരത്തെ വേണാടില്‍ ഞാന്‍ തിരുവനന്തപുരത്തെയ്ക്ക് തിരിച്ചു.

ട്രെയിനില്‍ മൊത്തം കോളേജ് കുമാരീകുമാരന്മാരും ടീച്ചര്‍മാരും ഉപകരണവാദികരും ആയിരുന്നു. മൊത്തത്തില്‍ ഒരു സംഗീതനൃത്തമയം!!! വടക്ക് എങ്ങോ സര്‍വ്വകലാശാല യുവജനോത്സവവും കഴിഞ്ഞുള്ള മടക്കയാത്ര..ഞാനാണെങ്കില്‍ പാട്ടിന്റെ കരടുരൂപം മാത്രമേ ചെയ്തിട്ടുള്ളൂ....., prelude, interlude, counter, chords തുടങ്ങിയ orchestral കാര്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല...ട്രെയിനില്‍ ആണെങ്കില്‍ നല്ല ബഹളവും. മറ്റൊരവസരത്തില്‍ ആയിരുന്നെങ്കില്‍ ശരിക്കും ആസ്വദിച്ചേക്കാമായിരുന്ന സംഗീത,നൃത്ത മറ്റു സുകുമാര കലാസംബന്ധിബഹളം.... എന്റെ കയ്യില്‍ ആണെങ്കില്‍ ഉപകരണങ്ങള്‍ ഒന്നും ഇല്ല. നോട്ടേഷന്‍ ബുക്ക്‌ എടുത്തു ഓര്‍കേസ്ട്ര മസ്തിഷ്കത്തില്‍ വിഭാവനം ചെയ്തു ഓരോ ഉപകരണങ്ങള്‍ക്കും വേണ്ട നോട്ടേഷന്‍ പ്രത്യേകം പ്രത്യേകം എഴുതുന്ന ശ്രമകരമായ ഉദ്യമത്തില്‍ മുഴുകി. ഇടയ്ക്കെപ്പോഴോ അടുത്തിരുന്ന ടീച്ചര്‍ ചോദിച്ചു "ഇതെന്താ എഴുതുന്നത്‌ അറബിയാണോ" എന്ന്. ചോദിച്ചത് ഒരു കലാശാല മ്യൂസിക്‌ ടീച്ചര്‍ ആണ്, അഞ്ചു വര എന്താണെന്നുപോലും അറിയാത്ത മ്യൂസിക്‌ ടീച്ചര്‍.


വണ്ടി തമ്പാനൂര്‍ എത്തിയപ്പോഴേയ്ക്കും orchestra score റെഡി. ഹോട്ടെലില്‍ എത്തിയപ്പോള്‍ കൂട്ടിനു ആളുമായി. ബെയിസ് ഗിറ്റാര്‍ വായിക്കുന്ന ജോളി (ജെന്‍സിയുടെ ആങ്ങള) മറ്റൊരു റിക്കോര്‍ഡിംഗ് കഴിഞ്ഞു പിറ്റേന്നത്തെ എന്റെ റിക്കൊര്ടിങ്ങിനു വേണ്ടി അവിടെ തങ്ങുകയായിരുന്നു. കൂടെ സഹോദരനും കേരളത്തിലെ ഏറ്റവും മികച്ച ഗിറ്റാരിസ്ടുകളില്‍ ഒരാളായ ജെര്സപ്പന്‍ എന്ന ജെര്‍സണ്‍ ആന്റണിയും.... രണ്ട് പേരും എന്റെ അടുത്ത കൂട്ടുകാര്‍. അതിനിടയ്ക്ക് തരംഗിണിയില്‍ വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചു. എല്ലാം റെഡി. പക്ഷെ കണ്ടക്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ആള്‍ (മോഹന്‍ സിതാര) യേശുദാസിന് അത്യാവശ്യമായി പാടി ചേര്‍ക്കാനുള്ള ഒരു ട്രാക്കുമായി മദിരാശിയിലേക്ക് പോയിരിക്കുകയാണ്. പിറ്റേന്ന് രാവിലെ പോകാനിരുന്ന ജെര്സനെ ഞാന്‍ പിടിച്ചുനിര്‍ത്തി. സത്യത്തില്‍ ഉര്‍വശീശാപം ഉപകാരം എന്നപോല്‍ അവിചാരിതമായി കണ്ട ജെര്സനെ എവിടെ തിരുകിക്കയറ്റും എന്ന ശങ്കയില്‍ നിന്ന എനിക്ക് അതൊരു ആശ്വാസ വാര്‍ത്ത ആയിരുന്നു.

പിറ്റേന്ന് രാവിലെ സമയത്തിന് തന്നെ സ്റ്റുഡിയോയില്‍ എത്തി. പൂജയ്ക്കുള്ള ചുറ്റുവട്ടങ്ങളുമായി സംവിധായകന്‍ വിജയകുമാറും സംഘവും എത്തി. കമ്മുണിസ്റ്റുകാരനായ, കെ ആര്‍ ഗൌരിയുടെ വളര്‍ത്തു മകനാണ് വിളക്ക്കൊളുത്തിയത്. കൂട്ടത്തില്‍ പഴയ സ്നേഹിതനായ കൊട്ടാരക്കര ബോബിയും ഗണേഷ്കുമാറും മറ്റാരൊക്കെയോഒക്കെയും ഉണ്ടായിരുന്നു. അപ്പോഴാണ്‌ ആദ്യത്തെ ദുശ്ശകുനവുമായി കോട്ടയത്തുനിന്നും ഡ്രമ്മര്‍ ജേക്കബ്‌ സാമുവല്‍ വരുന്നത്. കോട്ടയത്ത് നിന്നും വരാമെന്ന് ഏറ്റിരുന്ന മൂന്നു വയലിനിസ്റ്റ്കളെ കുമരകം രാജപ്പന്‍ റാഞ്ചികൊണ്ടുപോയി. വയലിനിലാണ് കൂടുതലും ഓര്കേസ്ട്ര കമ്പോസ് ചെയ്തു വച്ചിരിക്കുന്നത്. നോട്ടേഷന്‍ കണ്ടപ്പോള്‍ തന്നെ തിരുവനന്തപുരം വയലിനിസ്റ്റുകള്‍ മുറുമുറുക്കാന്‍ തുടങ്ങി. തങ്ങളെക്കൊണ്ട് പറ്റില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു. കൊച്ചിയില്‍ നിന്നും വന്ന മൂന്നുപേര്‍ പരിശ്രമിച്ചു തുടങ്ങി. സ്റ്റുഡിയോയ്ക്ക് മണിക്കൂര്‍ അനുസരിച്ച് കാശ് കൊടുക്കണം. അഴിച്ചുപണിയാന്‍ സമയമില്ല. അങ്ങിനെ വല്ലകിയുടെ വയലിന്‍ BGM മൊത്തം പകുതി സ്പീഡില്‍ ആക്കി, അതായത് നാലാം കാലത്തില്‍ കമ്പോസ് ചെയ്തത് മൂന്നാം കാലത്തില്‍ വായിപ്പിച്ചു. എന്നിട്ടും ശരിയാകുന്നില്ല. കേരളത്തിലെ അന്നത്തെ ഓര്‍ക്കെസ്ട്രയുടെ പോരായ്മ ശരിക്കും മനസ്സിലാക്കി. അങ്ങിനെയിരിക്കുമ്പോള്‍ അതാ മോഹന്‍ (സിതാര) കയറിവരുന്നു. നല്ലൊരു വയലിനിസ്റ്റ് ആയ മോഹനെ കണ്ടപ്പോള്‍ എനിക്കല്പം ഒരാശ്വാസം തോന്നി. നഷ്ടപ്പെട്ട മൂന്നിന് പകരം ഒന്നെങ്കിലും ആയല്ലോ എന്ന്....


പക്ഷെ മോഹന്‍ വയലിന്‍ വായിക്കാന്‍ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല ജെര്സപ്പനെ മാറ്റി കണ്ടക്റ്റ് ചെയ്യണമെന്നു വാശി പിടിക്കുകയും ചെയ്തു. കരണം കണ്ടക്റ്റ് ചെയ്യുന്ന ആള്‍ക്ക് അന്ന് അമ്പതു രൂപ കൂടുതല്‍ കിട്ടും.....അവസാനം ഗിറ്റാര്‍ വായിക്കാന്‍ മറ്റു രണ്ടുപേര്‍ ഉണ്ടായിരുന്നിട്ടും ജെര്സനെ ഒരു 12 string guitar വായിക്കാന്‍ ഇരുത്തി. പോകാനിരുന്ന ആളിനെ പിടിച്ചു നിര്‍ത്തിയതല്ലേ?

അപ്പോഴാണ്‌ ഇലന്തൂര്‍ വിജയകുമാര്‍ സാക്ഷാല്‍ ബോംബു പൊട്ടിച്ചത്......നിര്‍മാതാവ് മുങ്ങി.....

1 comment:

  1. സർ,എൺപതുകളിൽ നടന്ന രസകരമായ അനുഭവം,ഇങ്ങനെ എഴുതി കണ്ടപ്പോൾ,ആകെ അത്ഭുതം.ഓർക്കെസ്റ്റ്രാ കൈകാര്യം ചെയ്യുന്നതിലുള്ള മിടുക്ക് കണ്ടറിഞ്ഞിട്ടുണ്ട്.എന്നാൽ എഴുത്തും അതുപോലെ വഴങ്ങും എന്നുകണ്ടതിൽ സന്തോഷം.തുടരണം...
    ഗാനമേള കഴിഞ്ഞ് പാർട്ടികളെ പിരിച്ചു വിടാൻ,കഴുത്തിൽ കിടന്ന സ്വർണ്ണമാല വിറ്റ കഥയൊക്കെയുണ്ടല്ലോ..പോരട്ടെ,..

    ReplyDelete