Alice Unnikrishnan
ഒരു ദിവസം ആലീസും ഉണ്ണികൃഷ്ണനും സദാശിവനും കൂട്ടത്തില്‍ ഒരപരിചിതനും കൂടി വീട്ടില്‍ വന്നു. ദേവദാസ് എന്നായിരുന്നു കോടമ്പാക്ക പശ്ചാത്തലമുള്ള നവാതിഥിയുടെ പേര്. തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന അയാള്‍ ഒരു ചിത്രസംയോജകന്‍ ആയിരുന്നു. വലിയ ഒരു പുസ്തകവും ഒക്കെ ആയിട്ടായിരുന്നു വരവ്. കക്ഷി സ്വന്തമായി തിരക്കഥ എഴുതി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള പുറപ്പാടിലാണ്. ചിത്രത്തിന്‍റെ പേര് പൂമരച്ചില്ലകള്‍!!!
ഗാനരചന സദാശിവന്‍ ആണ്. സംഗീതം ആല്‍ബെര്‍ട്ട് വിജയനും. പ്രിലിമിനറി റിക്കാര്‍ഡിംഗ് ചെയ്ത ഒരു കാസറ്റുമായാണ് വന്നത്. അവര്‍ക്ക് വിജയന്റെ സംഗീതം തൃപ്തിയായില്ല, അഥവാ അങ്ങിനെയാണ് എന്നോട് പറഞ്ഞത്. പകരം എന്നെക്കൊണ്ട് ചെയ്യിക്കാനുള്ള പുറപ്പാടിലാണ്. വിജയന്‍ ചെയ്ത പാട്ട് ഞാന്‍ കേട്ടു നോക്കി. കുഴപ്പം ഒന്നും തോന്നിയില്ല, കേള്‍ക്കാന്‍ സുഖം ഉണ്ടായിരുന്നു, ആശയത്തിന്റെ ആത്മാവിനെ ആവാഹിക്കാന്‍ കഴിഞ്ഞിരുന്നില്ലയെങ്കിലും. വിജയനുമായി സൗഹൃദം ഒന്നുമില്ലായിരുന്നുവെങ്കിലും പരസ്പരം അറിയാമായിരുന്നു. ചലച്ചിത്ര സംഗീതസംവിധായകന്‍ എന്ന സ്വപ്നം നിനച്ചിരിക്കാതെ സാക്ഷാല്‍ക്കരിക്കാന്‍ പോകുന്നു എന്ന സത്യം (അതോ മിഥ്യയോ) മുന്നില്‍ വന്നു നിന്നപ്പോള്‍ തൊഴില്‍ ധര്‍മ്മങ്ങള്‍ ഒന്നും ചിന്തിക്കാതെ സമ്മതം മൂളി.
തുടര്‍ന്നുള്ള ദിവസങ്ങള്‍ സൃഷ്ടിയുടെ വേദനയുടെതായിരുന്നു. എന്നേക്കാള്‍ പ്രഗത്ഭനായ ഒരാളുടെ നിരാകരിക്കപ്പെട്ട ദൌത്യം ആണ് ഏറ്റെടുത്തിരിക്കുന്നത്. മൂന്നോ നാലോ പാട്ടുകള്‍ ആണുണ്ടായിരുന്നത്
രാഗിണിക്കാവിലെ (Male)
വസന്തകാലപ്പക്ഷി (Male)
എന്റെ മനസ്സിലും നിന്റെ മനസ്സിലും (Duet)
പൂങ്കുയില്‍ക്കുഞ്ഞിനെ (Female)
Albert Vijayan
തിരുവല്ലയിലെ എന്റെ വീട് ഒരു കൊച്ചു താല്‍ക്കാലിക കോടമ്പാക്കം ആയി മാറുകയായിരുന്നു. ഡിസ്കഷനും താര നിര്‍ണ്ണയവും ഒക്കെ മുറയ്ക്ക് നടക്കുന്നു. ദേവദാസ് ഒരു മൂലയില്‍ ഇരുന്നു എഴുത്തോടെഴുത്തു. മൂന്നുനാല് ദിവസങ്ങള്‍ക്കൊണ്ട് ഞാന്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തി. "രാഗിണിക്കാവിലെ" ചെയ്തത് ആരും അതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വനസ്പതി എന്ന രാഗത്തിലായിരുന്നു. "വസന്തകാലപ്പക്ഷി" സിംഹേന്ദ്ര മധ്യമത്തിലും. ഒരു ഡെമോ എടുക്കാന്‍ തീരുമാനിച്ചു. താല്‍ക്കാലികമായി തട്ടിക്കൂട്ടിയ ഒരു സെറ്റപ്പില്‍ കുറെ ഓര്കെസ്ട്ര ഒക്കെ സംഘടിപ്പിച്ചു റിക്കോര്‍ഡിംഗ് തുടങ്ങി. യേശുദാസിനെ മനസ്സില്‍ കണ്ടു ചെയ്ത പാട്ടുകള്‍ ആര് പാടിയിട്ടും ശരിയാകുന്നില്ല. പിന്നെ പാടിയവര്‍ക്ക് പരിചയമില്ലാത്ത രാഗവും. അല്പമെങ്കിലും നീതി പുലര്‍ത്താന്‍ കഴിഞ്ഞത് കലാഭവനില്‍ പാടിയിരുന്ന ഒരു സാബുവിനും പിന്നെ കൊല്ലത്തുകാരന്‍ ഒരു ക്രിസ്റ്റഫറിനും മാത്രമായിരുന്നു, എന്നിട്ടും തൃപ്തിയായില്ല. അവസാനം ചങ്ങനാശ്ശേരിക്കാരന്‍ ഒരു തോമസ്കുട്ടിയെക്കൊണ്ട് തല്ക്കാലം പാടിച്ചുവച്ചു. യേശുദാസ് പാടുമ്പോള്‍ ഏതായാലും സംഗതി കീഴ്മേല്‍ മറിയുമല്ലോ!!!
തുടര്‍ന്നു വായിക്കുക


No comments:
Post a Comment