.... എന്ത് കൊണ്ടാണ് മീശ മുളയ്ക്കാത്ത, മണിക്കൂറുകള്‍ക്കു മുന്‍പ് മാത്രം കണ്ട ഒരു പയ്യനെ ഇത്ര വലിയ ഒരു ഉത്തരവാദിത്വം ഏല്പിച്ചത് എന്നത് ഇന്നും ഒരു സമസ്യയായിത്തന്നെ നിലനില്‍ക്കുന്നു. ഏറ്റെടുത്ത ചുമതല നിസ്സാരമല്ല എന്നു മുന്‍പ് നടന്ന സംഭവത്തില്‍ നിന്നും ഗ്രഹിച്ചിരുന്നു. പ്രൊഫ. നാടക രംഗത്തെക്കുറിച്ച് വലിയ ഗ്രാഹ്യം ഇല്ല. ഒരു കൂട്ടുകാരന് പകരക്കാരനായി കോട്ടയം നാഷണല്‍ തിയേറ്റര്‍സിന്റെ ഒരു നാടകത്തിനു വായിക്കാന്‍ പോയിട്ടുണ്ട്. അതാണ് ആദ്യാനുഭവം. തിരശ്ശീലയ്ക്കു പിന്നിലെ നാടകങ്ങള്‍ കണ്ടു പകച്ചു നിന്ന സമയങ്ങള്‍! കലാകാരന്മാര്‍ തമ്മിലുള്ള തരം തിരിവുകള്‍!! ബസ്സിലെ ഇരിപ്പിടത്തിലും, ചെല്ലുന്ന സ്ഥലങ്ങളിലെ താമസ സൌകര്യത്തിലും, കഴിക്കാന്‍ കിട്ടുന്ന ഭക്ഷണങ്ങളിലും എല്ലാം ഈ തരം തിരിവ് പ്രകടമായിരുന്നു. കൂടാതെ അന്ന് നാഷണല്‍ തിയേറ്റര്‍സിന്റെ നായക നടന് ഒരു അമാനുഷ പരിവേഷവും ഉണ്ടായിരുന്നു. സുപ്രസിദ്ധ സിനിമാ താരം എന്നു പറഞ്ഞു അന്നുവരെ കേട്ടിട്ടില്ലാത്ത ഒരു പേരും വച്ചായിരുന്നു പരസ്യങ്ങള്‍ മുഴുവനും. കക്ഷി ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തില്‍ നായകനായി നടിച്ചുകൊണ്ടിരിക്കുന്ന കാലം. തലക്കനം, മസിലുപിടുത്തം തുടങ്ങിയ സംഭവങ്ങള്‍ അതിന്റെ പൂര്‍ണ്ണ സ്വരൂപത്തില്‍ ജീവിതത്തില്‍ ആദ്യമായി കാണുന്നത് അന്നാണ്. തലേന്നുവരെ തോളില്‍ കയ്യിട്ടു നടന്നിട്ടും അയിത്തം കല്പിക്കപ്പെട്ട സഹാനടന്മാരുടെ മുറുമുറുപ്പും കണ്ടു. സിനിമയിലെ നായക നടന്‍ പിന്നെ സഹനടനായും കാനന സിനിമകളിലെ കാട്ടുമൂപ്പനായും മന്ത്രവാദിയായും, കര്‍ണ്ണസുഖം തരാത്ത ഡബ്ബിംഗ് ആര്‍ടിസ്റ്റ് ആയും പരിണമിച്ചതിന് ചരിത്രം സാക്ഷി. ഒരു സാമാന്യ സ്വഭാവ നടനെങ്കിലും ആകാനുള്ള രംഗപാടവം കൈമുതലായി ഉണ്ടായിരുന്നു.
അതിനുശേഷം ഉള്ള ഏക നാടക പരിചയം ചെങ്ങന്നൂര്‍ ദര്‍ശന തിയേറ്റര്‍സ് എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരു സമിതിയാണ്. എം. പി. കുഞ്ഞച്ചന്റെ വീടുതന്നെയാണ് സങ്കേതം. പ്രൊഫ. ട്രൂപ്പിന്റെ കെട്ടും ഭാവവും ഉണ്ടെങ്കിലും വല്ലപ്പോഴും പാര്‍ട്ടിയുടെ വല്ല സമ്മേളനത്തിനും KPAC യുടെയും സാമ്പശിവന്റെയും അഭാവത്തില്‍ കളി വല്ലതും കിട്ടിയെങ്കില്‍ ആയി. അവിടെ തീരുന്നു എന്റെ അന്നാളിലെ നാടക പരിചയം.
രാജുവിന്റെ വീഴ്ചയില്‍ നിന്നും എന്ത് ചെയ്യണം എന്നതിലുപരി എന്ത് ചെയ്യരുത് എന്നു മനസ്സിലാക്കിയിരുന്നു. രാജു നല്ലൊരു കലാകാരന്‍ ആയിരുന്നു, പക്ഷെ ഒട്ടും ഓര്‍ഗനൈസ്ട് ആയിരുന്നില്ല. രണ്ടു പ്രധാന കാര്യങ്ങളാണ് വേണ്ടതെന്നു ഞാന്‍ തീരുമാനിച്ചു. ഒന്ന്: ഒരു നല്ല സംഗീത സംവിധായകന്‍. രണ്ട്: കെട്ടുറപ്പുള്ള ഒരു ഓര്കെസ്ട്ര ടീം.
അശ്വതീ തിയേറ്റര്‍സ് വ്യത്യസ്തമായ ഒരു സമിതി ആയിരുന്നു. കൊട്ടാരക്കര ശ്രീധരന്‍ നായരും സ്ത്രീ വേഷങ്ങളും മാത്രമേ പ്രോഫഷനല്‍സ് ആയി ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ കലയോട് അടങ്ങാത്ത അഭിനിവേശം ഉള്ള ഒരു പറ്റം ചെറുപ്പക്കാര്‍. കൊട്ടാരക്കര ബോബി അന്ന് ചെറിയ പാരഡി-ഹാസ്യ-കഥാപ്രസംഗങ്ങള്‍ ഒക്കെ നടത്തിയിരുന്നു. അയാള്‍ ഒരുവിധം നന്നായി പാടുമായിരുന്നു. ഏതായാലും അന്ന് തന്നെ ഞാന്‍ ഓര്കെസ്ട്ര സംഘടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചു. ഒരു പ്രോഗ്രാമിന് ഓര്കെസ്ട്ര സംഘടിപ്പിക്കുന്നതും ഒരുവര്‍ഷത്തേക്ക് സംഘടിപ്പിക്കു ന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അവിടെയാണ് രാജുവിന് തെറ്റ് പറ്റിയത്.
ഉപകരണ വാദികര്‍ പല തട്ടുകളിലാണ്. കച്ചേരിക്ക് വായിക്കുന്നവര്‍, ഡാന്‍സിനു വായിക്കുന്നവര്‍ കഥാപ്രസംഗത്തിനു വായിക്കുന്നവര്‍ നാടകത്തിനു വായിക്കുന്നവര്‍ ഗാനമേളക്ക് വായിക്കുന്നവര്‍ എന്നിങ്ങനെ....ഇവര്‍ കളം വിട്ടു കളിച്ചിട്ടുണ്ടെങ്കില്‍ ആകെ ഗുലുമാലാകും! പാമ്പാട്ടി മുതല്‍ ഹരിപ്രസാദ് ചവ്രസ്സ്യ വരെ ഉപകരണ വാദികര്‍ തന്നെ!!!
സാധാരണ നാടകത്തിനു നാലു ഉപകരണങ്ങളില്‍ ഒതുക്കും. ഹാര്‍മോണിയം, തബല, ഇലക്ട്രിക് ഗിറ്റാര്‍ പിന്നെ വയലിന്‍ അല്ലെങ്കില്‍ ക്ലാരനെറ്റ് അല്ലെങ്കില്‍ ഫ്ലൂട്ട്. ശോക രംഗങ്ങളിലും മറ്റും നീട്ടിപ്പിടിപ്പിക്കാനാണ് വയലിന്‍ ക്ലാരനെറ്റ് എന്നിവ. അന്ന് തിരുക്കൊച്ചി ഭാഗത്ത് നാടക രംഗത്തെ അറിയപ്പെടുന്ന വയലിനിസ്റ്റ് ആയിരുന്നു പാലാ അപ്പച്ചന്‍. (അതിരമ്പുഴ അപ്പച്ചന്‍ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്, അങ്ങേരു പള്ളിമേടകളിലും മറ്റും കഥാപ്രസംഗത്തിന് കാക്ക കരയുന്നതും പട്ടിമോങ്ങുന്നതും കാഥികന്‍ ഏമ്പക്കം വിടുന്നതും മറ്റും വയലിനില്‍ വായിച്ചു (?) കാണികളുടെ കയ്യടി വാങ്ങുന്ന ഒരു വിദ്വാനാണ്! ഏതോ ഒരു കത്തോലിക്കാ ബിഷപ്പ് അങ്ങേര്‍ക്കു ഫിഡില്‍ രാജാ എന്നൊരു പട്ടവും കൊടുത്തിട്ടുണ്ട്) പാലാ അപ്പച്ചനെ കോട്ടയം നാഷണല്‍ തിയേറ്റര്‍സില്‍ വച്ച് പരിചയപ്പെട്ടിട്ടുണ്ട്, എന്നോട് വലിയ കാര്യവും ആയിരുന്നു. (ഒറ്റ നോട്ടത്തില്‍ എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റുകയം പിന്നെ ബദ്ധ ശത്രു ആകുകയും ചെയ്യുന്ന സ്വഭാവം പണ്ടേ ഉണ്ട് കേട്ടോ ;) )
ഞാന്‍ അപ്പച്ചനെ ചെന്ന് കണ്ടു. അപ്പച്ചന്‍ നാഷണല്‍ തിയേറ്റര്‍സില്‍ വായിച്ചു കൊണ്ടിരിക്കുകയാണ്. ഒരേ ദിവസം രണ്ട് നാടകത്തിനും ബുക്കിംഗ് വന്നാല്‍ കുഴങ്ങും. അപ്പച്ചന്‍ തന്നെ പ്രതിവിധിയും കണ്ടു പിടിച്ചു. അപ്പച്ചന്റെ സന്തത സഹചാരി ഒരു പാപ്പൂട്ടി എന്ന വയലിനിസ്റ്റ് ഉണ്ട്. പലായ്ക്കടുത്തു പൂവരണിയില്‍ ഉള്ള ഒരു സ്കൂള്‍ അദ്ധ്യാപകന്‍. (പാപ്പൂട്ടി പിന്നീട് മുവാറ്റുപുഴ Angel Voice ലെയും മറ്റും ലീഡ് വയലിനിസ്റ്റ് ആയിരുന്നു) പാപ്പൂട്ടിയെ സ്റ്റെപ്പിനി ആക്കാന്‍ തീരുമാനിച്ചു. നാഷണല്‍ തിയേറ്റര്‍സിന് നാടകം ഉള്ളപ്പോള്‍ പാപ്പൂട്ടി വരാം എന്നു സമ്മതിച്ചു. ഹാര്‍മോണിയം വായിക്കാന്‍ ചോറ്റി ജോയ് എന്ന ആളെ തരപ്പെടുത്തി. ജോയിയും നാടക രംഗത്തെ ഉസ്താദ് ആണ്. തബല വായിക്കാന്‍ എന്റെ നാട്ടുകാരന്‍ ഒരു കൃഷ്ണന്‍ നമ്പൂതിരിയും പിന്നെ ഗിറ്റാര്‍ വായിക്കാന്‍ ഞാനും. അങ്ങനെ ഓര്കെസ്ട്ര ടീമിന് ഒരു തീര്‍പ്പായി.
ഇനി സംഗീത സംവിധായകന്‍ വേണം. അക്കാലത്തെ പല പ്രമുഖ സമിതികളുടെയും സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നവരുടെ പേരുകള്‍ മനസ്സിലിട്ടു കശക്കി നോക്കി.... അര്‍ജ്ജുനന്‍, രാഘവന്‍ , ബാബുരാജ് ....... അശ്വതി തിയേറ്റര്‍സിന്റെ സംഘാടകരുടെ ഹൃദയ സ്പന്ദനം ഏറ്റു വാങ്ങിയിരുന്നത് കൊണ്ട് ഇവരെക്കാളൊക്കെ സമയവും ക്ഷമയും ഒക്കെയുള്ള ഒരാളെയാണ് വേണ്ടത് എന്നു തീരുമാനിച്ചു. എഴുപതുകളില്‍ മലയാള നാടക രംഗത്ത് ഉദിച്ചുവരുന്ന ഒരു താരത്തെക്കുറിച്ച് പെട്ടെന്നാണ് ഓര്‍മ്മ വന്നത് അര്‍ജുനന്റെ കേരളത്തിലെ ആര്‍. കെ . ശേഖര്‍.....! കുരകം രാജപ്പന്‍......!!
No comments:
Post a Comment