രാഘവന് മാസ്റ്ററെ കുറിച്ചുള്ള ആദ്യ ഓര്‍മ്മക്കുറിപ്പ് ഇവിടെയുണ്ട്..
തുടര്‍ന്ന്..
ഭൂഗോളം ഒരു പത്തു പ്രാവശ്യം കൂടി സൂര്യനെ വലയം വച്ച് കാണണം. അതിനോടകം അല്പം കൂടി വെളിച്ചം മുണ്ഡക കാര്യാലയത്തില്‍ ഉദിച്ചുവെന്നും കരുതിക്കോ!
വെള്ളിത്തിരയിലെ അധരഗോഷ്ടി കാണിക്കുന്ന സുന്ദരരൂപങ്ങള്‍ക്ക് പിറകില്‍ ശബ്ദദായകരായി മറ്റു ചിലര്‍ ഉണ്ടെന്നും അതവരുടെ വക്ത്രത്തില് ഉരുട്ടി വച്ച് കൊടുക്കാന്‍ മറ്റു രണ്ട് പേരുടെ സര്‍ഗ്ഗപ്രയുക്തി ആവശ്യമാണെന്നും അതിനെല്ലാം അകമ്പടി സേവിക്കാന്‍ വേറെയും പത്തുമുപ്പതു പേരുടെ പരിശ്രമം ആവശ്യമാണെന്നും ഇതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ ചില സാങ്കേതിക കടമ്പകള്‍ കൂടെ കടക്കണമെന്നും ഒക്കെ മനസിലാക്കുക മാത്രമല്ല, അറിഞ്ഞോ അറിയാതെയോ അവയെല്ലാം അനുധാവനം ചെയ്യാനുള്ള ഭാഗ്യമോ (എനിക്ക്) നിര്‍ഭാഗ്യമോ (മറ്റുള്ളവര്‍ക്ക്) ഉണ്ടാവുകയും ചെയ്തു.
ഒരു ദിവസം കൊല്ലത്ത് ഒരു ഒരു പാതകം കഴിഞ്ഞു തിരികെ വരികയായിരുന്നു. കൂടെ തബലിസ്റ്റ് മണിയും (പങ്കജവല്ലിയുടെ മകന്, കാവേരിയുടെ അച്ഛന്) ഗിതാരിസ്റ്റ് പ്രതാപനും ഉണ്ടായിരുന്നു. കായംകുളം അടുക്കാറായപ്പോള്‍ മണിക്ക് ആരെയോ കാണാനുണ്ടെന്ന് പറഞ്ഞു ഒരു പഴയ ഓടിട്ട കെട്ടിടം നിലകൊള്ളുന്ന ഒരു തൊടിയിലേക്ക് തിരിഞ്ഞു.
അതൊരു മഹാക്ഷേത്രമായിരുന്നു . നിരീശ്വരവാദികളുടെ ആ ക്ഷേത്രാങ്കണത്തില്‍ സരസ്വതീ ചൈതന്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്തവണ്ണം തുളുമ്പി നിന്നിരുന്നു. സാധാരണ ദേവ വിഗ്രഹങ്ങള്‍ക്ക് വിപരീതമായി രണ്ട് കരങ്ങള്‍ മാത്രമുള്ള ഒരു ദേവിയുടെയും ദേവന്റെയും വിഗ്രഹം അവിടുണ്ടായിരുന്നു. അതീവ സുന്ദരിയായ ആ ദേവിയുടെയും അരോഗദൃഡഗാത്രനായ ദേവന്റെയും ഓരോ കയ്യില്‍ മാത്രമേ ആയുധങ്ങള്‍ ഉണ്ടായിരുന്നുള്ളൂ.. ശൂലവും വാളും ഏന്തി നില്ക്കുന്ന ആ വിഗ്രഹം നയന മനോഹരം ആയിരുന്നു.
വിശാലമായ മോന്തായത്തില്‍ ഒരു ചാരുകസേരയില്‍ ഒരു കാല് മുറിച്ചുമാറ്റപ്പെട്ട, മലയാളത്തിന്റെ നാടകാചാര്യന് ഇരിക്കുന്നു...മൂന്നു വശവും ഉയരം കുറഞ്ഞ അരമതിലുള്ള ആ തളത്തില്‍ അങ്ങിങ്ങായി കലാകാരന്മാര് ചിതറി നിന്നിരുന്നു. ഒരു സ്ത്രീ നിലത്തിരുന്നു വീണ വായിക്കുന്നു. സാധാരണ ഗാനമേളകളിലും മറ്റും ഉപയോഗിക്കാത്ത ആ ഉപകരണം മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും, ആദ്യമായാണ് ഒരു പ്രൊഫഷനല്‍ സ്റ്റയിലില്‍ മീട്ടുന്നത് കാണുന്നത്. കൂടെ മറ്റു ഉപകരണങ്ങളും വായിക്കുന്നുണ്ട് . ഏതോ ഒരു പാട്ടിന്റെ പശ്ചാത്തല സംഗീതം ഹൃദിസ്ഥമാക്കുകയാണ്. യഥാര്‍ഥത്തില്‍ അവിടെ പുതിയ ഒരു നാടകത്തിന്റെ കമ്പോസിംഗ് നടക്കുകയാണ്. ഞങ്ങള്‍ അരമതിലിനു പുറത്തായി കൌതുക പൂര്‍വ്വം എല്ലാം വീക്ഷിച്ചുകൊണ്ട് നിന്നു...
ഞങ്ങള്‍ നിന്നിരുന്നതിനു അടുത്തായി അരമതിലില്‍ അരണ്ട വെളിച്ചത്തില്‍ ഒരാള്‍ ഇരുന്നിരുന്നത് മണി ആംഗ്യം കാണിച്ചു തന്നപ്പോള്‍ ആണ് ശ്രദ്ധിച്ചത്........ കയ്യില്‍ പിടിച്ച
4" x 5" വലിപ്പത്തിലുള്ള ദര്‍പ്പണത്തില്‍ നോക്കി വെളുത്ത മുണ്ടും ജുബ്ബയും ധരിച്ച ഒരു കറുത്ത ചെറിയ മനുഷ്യന് ഐ ബ്രോ പെന്‍സില്‍ ഉപയോഗിച്ച് പുരികം കറുപ്പിക്കുകയാണ്! മുഖത്തു നല്ല കനത്തില്‍ പൌഡര്‍ ഇട്ടിട്ടുണ്ട്. പൊറ്റക്കാടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അടുക്കള ചുവരില്‍ കുമ്മായം അടിച്ചപോലെ!! ഒരു ചെറിയ സ്യൂട്ട്കേസ് തുറന്നിരിപ്പുണ്ട്. അരമതിലില്‍ പൂട്ടുകുറ്റി വലിപ്പത്തിലുള്ള ഒരു ക്യുട്ടിക്കൂറ പൌഡര്‍ ടിന്നും, കണ്മഷി, ചീപ്പ് മുതലായ ഉപകരണങ്ങളും നിരന്നിരുപ്പുണ്ട്. പെട്ടിയില്‍ ഒരു ജോഡി വസ്ത്രം, ഒരു തോര്‍ത്ത്, ഷേവിംഗ് സെറ്റ്, സോപ്പ്, ബ്രഷ് മുതലായവയും.... കക്ഷി ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നില്ല അഥവാ ശ്രദ്ധിക്കുന്നില്ല......കൌതുക പൂര്‍വ്വം ഞാന്‍ മണിയോട് ചോദിച്ചു "ആരാണീ കക്ഷി?" പത്തുവര്‍ഷം മുന്‍പ് കേട്ട അതേ ഉത്തരം " കെ. രാഘവന്" പക്ഷെ ഉത്തരത്തില്‍ ആധികാരികതയുണ്ടായിരുന്നു. മണി തുടര്‍ന്നു, "പുള്ളി വളരെ സിമ്പ്ലന്‍ ആണ്, പത്തു മിനിട്ട് സമയം കിട്ടിയാല്‍ മേക്കപ്പ് ചെയ്യും"
ഏത് രാഘവന് എന്ന മണ്ടന്‍ ചോദ്യവും ചോദിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ എത്രയോ പാട്ടുകള്‍ക്ക് സ്റ്റേജില്‍ കീബോര്‍ഡും ഗിറ്റാറും വയലിനും ഒക്കെ വായിച്ചിരിക്കുന്നു. പരിചയപ്പെടണം എന്നുണ്ടായിരുന്നു , പക്ഷെ വളരെ ഏകാഗ്രമായി പുരികം കറുപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ സാധിച്ചില്ല.
ഞങ്ങള്‍ ചെന്ന കാര്യവും സാധിച്ചു വീണ്ടും യാത്രതുടര്‍ന്നു. ഓര്‍ക്കുമ്പോള്‍ വീണ്ടും നഷ്ടബോധം തോന്നുന്നു. അദ്ദേഹത്തിന്റെ മഹത്വം ഇന്നറിയുന്ന അളവില്‍ അന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ആ രാത്രി മുഴുവനുമോ അടുത്ത ദിവസവുമോ അവിടെ തങ്ങി അനുഗ്രഹവും വാങ്ങിയേ പോരുമായിരുന്നുള്ളൂ...........
വായിച്ചു.തബലിസ്റ്റ് മണി ഇന്നല്ലന്നറിയാൻ കഴിഞ്ഞു.
ReplyDelete