Sunday, November 28, 2010

എം ജി സോമനും കൃഷ്ണചന്ദ്രനും

സോമന്‍ വളരെ അടുപ്പം ഇല്ലയിരുന്നുവെങ്കിലും സുഹൃത്ത് ആയിരുന്നു. തോലശ്ശേരിയിലെ എന്റെ വീടും തിരുമൂലയിലെ സോമന്റെ വീടും തമ്മില്‍ ഒന്നൊന്നര കി.മീ ദൂരമേ ഉള്ളൂ. എന്നേക്കാള്‍ ഒരു പതിനഞ്ചു വയസ്സിനു മൂപ്പ് കാണും. സോമന്റെ രക്ഷാധിക്രുത്യത്തില്‍  തിരുമൂലപുരത്തു ആസാദ് ക്ലബ്‌ എന്നൊരു സംഘടന ഉണ്ടായിരുന്നു. അവിടുത്തെ കലാകാരന്മാര്‍ എന്റെ മ്യൂസിക്‌ സ്കൂളിലെയും അന്തേവാസികളായിരുന്നു.

സോമന് ആദ്യ സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ (തണല്‍ ആണെന്ന് തോന്നുന്നു) തിരുമൂലപുരം പൌരാവലിയും ആസാദ് ക്ലബ്ബും ചേര്‍ന്ന് ഒരു സ്വീകരണം കൊടുത്ത്. അതിനോടനുബന്ധിച്ചു നടത്തിയ ഗാനമേളയ്ക്ക് ഓര്കെസ്ട്ര നയിക്കാന്‍ എന്നെയും വിളിച്ചിരുന്നു. സോമന്റെ വീട്ടില്‍ അതിഥികള്‍ ആയി കുറെ സിനിമാക്കാരും ഉണ്ടായിരുന്നു.

സോമന്‍ പത്തു പതിനഞ്ചു വയസ്സുള്ള ഒരു പയ്യനെ പരിചയപ്പെടുത്തിയിട്ടു അവനെക്കൊണ്ടും ഒന്നുരണ്ടു പാട്ട് പാടിപ്പിക്കണമെന്നു ആവശ്യപ്പെട്ടു. "കേരളം, കേരളം", "ഒരു സ്വപ്ന ബിന്ദുവില്‍" എന്നീ ഗാനങ്ങള്‍ പാടിയ ആ പയ്യന്റെ റെയിഞ്ച് അപാരമായിരുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ഒരു കൌമാരക്കാരന്റെ മുഖമുള്ള ആ രതിനിര്‍വേദ നായകന് അഭിനയം പോലെ തന്നെയോ അതിലുപരിയായോ സംഗീതം വഴങ്ങുമെന്ന് ആദ്യമായി അറിഞ്ഞതു അന്നാണ്. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച നിലമ്പൂര്‍ കോവിലകത്തെ ആ തമ്പുരാന്‍ കുട്ടിക്ക് ഇതിലും ഉയരങ്ങളില്‍ എത്താന്‍ കഴിയണമായിരുന്നു.

ഒറിജിനല്‍ പിച്ചിനെക്കള്‍ അല്പം ഉയര്‍ത്തിയാണ് കൃഷ്ണചന്ദ്രന്‍ അന്ന് പാടിയത്. അതിന്റെ അടുത്ത ദിവസം മറ്റൊരു ഗാനമേളയ്ക്ക് ഇതേ പാട്ട് (ഒരു സ്വപ്ന ബിന്ദുവില്‍- വൃന്ദാവനത്തിലെ ഈ പാട്ട് വളരെ ഹൃദ്യമാണ്) എന്റെ ട്രൂപ്പിലെ സ്ഥിരം ഗായകന്‍ ആയിരുന്ന ഉണ്ണി പാടിയപ്പോള്‍ ഓര്‍ക്കാതെ ഈ പിച്ചില്‍ ആണ് ഞാന്‍ orchestra ഇട്ടതു. പല്ലവിയിലെ "കസ്തൂരി മാനിന്‍ മിഴികളില്‍" എന്ന ഭാഗത്തെത്തിയപ്പോള്‍ ഉണ്ണിയുടെ തൊണ്ട കാറി പതറി വല്ലാതായി (അറിയാതെ ആണെങ്കിലും ഒരു ഗായകനോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകം)

കൃഷ്ണചന്ദ്രന്റെ ഉയരക്കുറവും നിത്യകൌമാര മുഖശ്ചായയും ആയിരിക്കണം അഭിനയ രംഗത്ത് എങ്ങും എത്തിക്കാതെ പോയത്. വനിതയുമായുള്ള പ്രേമ വിവാഹവും ചലച്ചിത്ര രംഗത്ത് അയാളെ അനഭിമതാനാക്കിയിട്ടുണ്ട്. (ഇഷ്ടപ്പെട്ട സ്ത്രീയോടോ പുരുഷനോടോ ഒത്തു സന്തോഷമായി ജീവിക്കാന്‍ ഇന്നും നമ്മുടെ സമൂഹം സമ്മതിക്കാറില്ലല്ലോ)
സംഗീത രംഗത്ത് കൃഷ്ണചന്ദ്രന് പറ്റിയത് മറ്റെല്ലാ ഗായകര്‍ക്കും പറ്റിയത് തന്നെ. യേശുദാസ് എന്ന ആല്‍മരത്തിനു കീഴിലായി പോയത് തന്നെ. അറിഞ്ഞോ അറിയാതെയോ ആ ശൈലി തന്നെ പിന്തുടരാന്‍ ശ്രമിച്ചത് തന്നെ!

1980 ല്‍ മധുരിമയുടെ (ഞാന്‍ നടത്തിയിരുന്ന മ്യൂസിക്‌ സ്കൂള്‍) വാര്‍ഷികം വളരെ വിപുലമായി നടത്താന്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഗാനമേളയും മിമിക്രിയും ഒക്കെയായി...അന്ന് ഹിന്ദി പാടിയത് മെഹബൂബ് ആയിരുന്നു. എന്റെ കൂടെ guitar വായിച്ചത് അടുത്ത സുഹൃത്ത് ബേണിയും (ബേണി ഇഗ്നേഷ്യസ്) ബേണി എന്നെ തിരുവല്ല രാജാവെന്നും ഞാന്‍ തിരിച്ചു കതൃക്കടവ് രാജാവെന്നും ആണ് കളിയാക്കി വിളിച്ചിരുന്നത്‌.

Musifesta 80 എന്നായിരുന്നു വാര്‍ഷിക പരിപാടിക്ക് പേരിട്ടിരുന്നത്. അന്ന് പ്രശസ്തിയുടെ കൊടുമിടിയില്‍ നിന്നിരുന്ന സോമനെ തന്നെയായിരുന്നു. മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. തിരിക്കിനിടയില്‍ സമയം കണ്ടെത്തി വന്നെന്നു മാത്രമല്ല കൂട്ടത്തില്‍ രവി മേനോന്‍, KPAC സണ്ണി, കുഞ്ചന്‍ എന്നിവരെക്കൂടി കൊണ്ടുവന്നു ചക്കാത്തില്‍ ഒരു താരനിശയും തരമാക്കി തന്നു.

ഒന്ന് മുതല്‍ നൂറുവരെ എണ്ണി അതിലൂടെ നവരസങ്ങളും പ്രകടിപ്പിക്കുന്ന ഒരു മിമിക്രി അന്ന് കുഞ്ചന്‍ ചെയ്തായിരുന്നു. ക്യാമറയിലൂടെ നാം കാണുന്ന കുഞ്ചന് അതിന്റെ പത്തിരട്ടി കഴിവ് ഉണ്ടെന്നാണ് പറഞ്ഞു കേട്ടത്. ക്യാമറ മുന്നില്‍ കണ്ടാല്‍ പുള്ളിക്ക് ഒന്നും പുറത്തു വരില്ലാത്രേ. അങ്ങിനെ കുഞ്ചന്റെ കലര്‍പ്പില്ലാത്ത നടന ചാരുതിയും കാണാന്‍ കഴിഞ്ഞു, ഫ്രീ ആയി.....

No comments:

Post a Comment