1974 ല്‍ ഹൈ സ്കൂള്‍ കഴിഞ്ഞു 77 ല്‍ കോളേജില്‍ ചേരുന്നതിനു ഇടയിലുണ്ടായിരുന്ന ഒരു മൂന്നു വര്‍ഷത്തെ ഗ്യാപ് ആണ് എന്റെ ജീവിതത്തെ മാറ്റി മറിച്ചത്. പതിനഞ്ചു വസസ്സുവരെ ഒരു ഗാനമേള പോലും കേള്‍ക്കാതെ തെയിലത്തോട്ടത്തില്‍ വളര്‍ന്ന എന്നില്‍ ആ കാലയളവിലുണ്ടായ പരിണാമം എനിക്ക് പോലും അവിശ്വസനീയമായി തോന്നിയിട്ടുണ്ട്. ആ കാലഘട്ടത്തിലെ ഏതോ ഒരു ദിശാ സന്ധിയില്‍, കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ വച്ച്, എവിടെയോ ഒരു ഗാനമേള കഴിഞ്ഞു വരികയായിരുന്ന എന്നെയും കൂടെയുണ്ടായിരുന്ന സാംസണ്‍ എന്ന വയലിനിസ്ടിനെയും മാവേലിക്കര രാജു എന്ന വളരെ അനുഗ്രഹീതനും അതുപോലെ തന്നെ ഉഴപ്പനും ആയിരുന്ന കീബോര്‍ഡ് ആര്‍ടിസ്റ്റ് പിടികൂടി. അന്ന് വൈകുന്നേരം ഒരു നാടകത്തിനു പിന്നണി വായിക്കാന്‍ ചെല്ലണമെന്ന് അപേക്ഷിച്ച്. സാംസനും എന്നെപ്പോലെ തന്നെ ഒരു പതിനഞ്ചുകാരന്‍ (കലാഭവന്റെ വയലിനിസ്റ്റ് ആയിരുന്നു) ഞങ്ങള്‍ സമ്മതിച്ചു. സിനിമ കാണാനും ഹോട്ടലില്‍ നിന്നും ഭക്ഷണവും ഒക്കെ കഴിച്ചു ചെത്തിനടക്കാനും കുറച്ചു എക്സ്ട്രാ മണി എന്നതിലുപരി ഒരു ലക്ഷ്യവും ഞങ്ങള്‍ക്ക് ആ പ്രായത്തില്‍ ഉണ്ടായിരുന്നില്ല. രാജു ഞങ്ങളെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍ന്റെ എതിരെയുള്ള ഒരു വീട്ട്ലെയ്ക്ക് കൊണ്ട് പോയി. കേരളത്തിലെ ഒരു മഹാ നടന് കണ്മണി ബാബുവോ കുഞ്ചാക്കൊയോ (ഓര്‍മ്മയില്‍ വരുന്നില്ല) വച്ചുകൊടുത്ത ഒരു വീടായിരുന്നു അത് അതിനോട് ചേര്‍ന്ന് തന്നെ ഒരു പഴയ ഉയരമില്ലാത്ത ഓടിട്ട കെട്ടിടം ഉണ്ടായിരുന്നു. അതായിരുന്നു പഴയ തറവാട്. മുടിയൊക്കെ നീട്ടിവളര്‍ത്തി ബെല്‍ബോട്ടവും ഇട്ടു ഹിപ്പി ആയി നടന്നിരുന്ന എന്നെക്കണ്ടാല്‍ കലിയിളകി "അശ്രീകരം" എന്നു വിളിച്ചിരുന്ന ഒരു മുത്തശ്ശി മാത്രം ആയിരുന്നു അവിടെ താമസം. അതായിരുന്നു നാടക ക്യാമ്പ്. റിഹേര്‍സല്‍ നടത്തിയിരുന്നത് മഹാനടന്റെ പുതിയ വീട്ടിലെ വിശാലമായ വരാന്തയിലും.
രാജു ഞങ്ങളെ നാടകത്തിലെ പാട്ടുകളും പ്രധാന രംഗങ്ങളിലെ റീ-മ്യൂസിക്‌ഉം പറഞ്ഞു തന്നത് ഞങ്ങള്‍ പെട്ടെന്ന് എങ്ങിനെയൊക്കെയോ തട്ടിക്കൂടി സ്വരപ്പെടുത്തി വച്ചു.
വൈകുന്നേരം ധൃതിയില്‍ ഒരു റിഹേര്‍സലും നടത്തി കൊല്ലത്തിനടുത്ത് എവിടെയോ ഉള്ള ഒരു ഉത്സവപ്പറമ്പില്‍ എത്തി. നാടകം തുടങ്ങാറായപ്പോള്‍ ശരിക്കും ഞെട്ടി! പ്രധാന ഭാഗം അഭിനയിക്കുന്ന മഹാ നടന് തരിമ്പും വെളിവില്ല...രണ്ടു കാലില്‍ പോയിട്ട് നാലുകാലില്‍ പോലും നില്‍ക്കാന്‍ വയ്യാത്ത അവസ്ഥ.... പക്ഷെ ആര്‍ക്കും ഒരു കൂസലും ഇല്ല. അത് കഴിഞ്ഞാണ് എന്റെ കലാ ജീവിതത്തിലെ ഏറ്റവും വലിയ മാജിക് ഞാന്‍ കാണുന്നത്.
ബോധമില്ലാത്ത മഹാനടനെ മേക്കപ്പ് ഒക്കെ അണിയിച്ചു ഒരു പായയില്‍ കിടത്തിയിരിക്കുകയാണ്. നാടകം നടന്നു കൊണ്ടിരിക്കുന്നു. രംഗപ്രവേശ സമയത്ത് രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് ബോധമില്ലാതെ കിടക്കുന്ന നടനെ എടുത്തു സ്റ്റേജ്ന്റെ വശത്ത് കൊണ്ട് നിര്‍ത്തി മുന്നിലേയ്ക്ക് ഒറ്റ തെള്ളാണ്. സ്റ്റേജ്ല്‍ കയറി സ്പോട്ട് ലൈറ്റ് മുഖത്തു വീണു കഴിഞ്ഞാല്‍ അവിടെ നടക്കുന്നത് തികച്ചും അവിശ്വസനീയമായ ഒരു സംഭവം ആണ്. ഒരു നിമിഷം മുന്‍പുവരെ ഒരുബോധവും ഇല്ലാതെ കിടന്നിരുന്ന ആ മദ്യപാനി അതാ കഥാപാത്രമായി മാറിയിരിക്കുന്നു. ഒരു പ്രശ്നമേയുള്ളൂ എഴുതിവച്ച ഡയലോഗുകള്‍ ഒന്നുമായിരിക്കുകില്ല ആ വായില്‍ നിന്ന് വരിക. പക്ഷെ അതിനു തുല്യമോ അതിനേക്കാള്‍ മികച്ചതോ ആയ ഡയലോഗുകള്‍ ആയിരിക്കും ആ വായില്‍ നിന്നും വരിക. കഥാപാത്രം അരങ്ങത്തു ജീവിക്കുക എന്നൊക്കെ പറയുന്നത് എന്താണെന്ന് അന്നറിഞ്ഞു. അതിനനുസരിച്ച് കൂടെ നില്‍ക്കുന്നവരും ഉയരുക എന്നതാണ് ചലഞ്ച്. കഥയും കഥാപാത്രവും മാത്രം. സംഭാഷണം മനോധര്‍മ്മം. നാടകത്തിന്റെ മൂര്‍ത്ത ഭാവം.
നാടകം കഴിഞ്ഞു വെളുപ്പാന്‍ കാലത്തെപ്പോഴോ തിരിച്ചു ക്യാമ്പില്‍ എത്തി. കാര്യക്കാരെന്നു തോന്നിക്കുന്ന പ്രധാന അഭിനേതാക്കളില്‍ ചിലര്‍ എന്റടുത്തെത്തി. പോകരുത് രാവിലെ അല്പം സംസാരിക്കാനുണ്ട് എന്നു പറഞ്ഞു. ശരിയെന്നു ഞാനും പറഞ്ഞു. സാമ്സനെ യാത്രയാക്കി ഞാന്‍ അവിടെ തങ്ങി....തലേദിവസത്തെ ഉറക്കക്ഷീണം വകവയ്ക്കാതെ പെട്ടെന്ന് അവിടെ ഒരു മീറ്റിംഗ് കൂടുകയായിരുന്നു. സംഗതി അല്പം ചൂടില്‍ ആണെന്ന് മനസ്സിലായി. കൂടാതെ ഞാന്‍ ആദ്യം കരുതിയിരുന്നത് പോലെ അത് ഒരു സ്റ്റേജില്‍ കളിയ്ക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയ ഒറ്റ നാടകം അല്ലെന്നും, അശ്വതി തിയേറ്റര്‍സ് എന്ന പ്രൊഫെഷണല്‍ നാടക സമിതിയാണെന്നും മനസ്സിലായി. ഞാന്‍ അങ്ങിനെ തെറ്റിദ്ധരിക്കാന്‍ കാരണമുണ്ടായിരുന്നു. സാധാരണ ഒരു പ്രൊഫഷനല്‍ നാടകം സ്റ്റേജ് ചെയ്യുന്നതിന് മുന്പായി കുറഞ്ഞത് ഒരു മാസത്തെയെങ്കിലും ക്യാമ്പ് റിഹേര്‍സലും മറ്റും നടത്തിയിരിക്കും. ഇത് ബസ്‌സ്റ്റാന്റില്‍ നിന്നും പിടിച്ചുകൊണ്ടു വന്നു വായിപ്പിച്ചപ്പോള്‍ പിന്നെ എന്താ കരുതുക? സംഗതി അത് തന്നെയായിരുന്നു കാരണവും.
പഴശ്ശിരാജ നമ്പര്‍ 1 ചാരുകശേരയില്‍ തന്‍റെ മൊട്ടത്തലയും തടവി അങ്ങിനെ കിടക്കുകയാണ്. പ്രധാനികള്‍ എന്നു തോന്നിക്കുന്ന ചില നടന്മാര്‍ ഒഴികെ ബാക്കി എല്ലാവരും സ്ഥലം വിട്ടു. ജോര്‍ജ് മാത്യു എന്ന നായക നടന്‍ (S. B. College ലെ basket ball player ആയിരുന്നു) നാഗര്‍കോവിലില്‍ വെറ്റില ബിസിനെസ് നടത്തിയിരുന്ന ഒരു ബഷീര്‍, ഹാസ്യ റോളില്‍ അഭിനയിച്ചിരുന്ന ഒരു അസീസ് (കൊട്ടാരക്കര ബോബി) കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ലളിത ഗാന വിജയി ഒരു ഇംതിയാസ്, പിന്നെ മറ്റൊരു നടനും കാശ് മുടക്കിയവനുമായ ഒരു സൂര്യ നാരായണനും (കാനറ ബാങ്കിലെയോ
മറ്റോ ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു)
മറ്റോ ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു)
എല്ലാവരും കൂടി സംഗീത സംവിധായകന്‍ മാവേലിക്കര രാജുവിനെ ഒന്ന് രണ്ടു മണിക്കൂര്‍ നിര്‍ത്തി അങ്ങ് പൊരിച്ചു. അത് കഴിഞ്ഞു നിര്‍ദ്ധാക്ഷിണ്യം ഇറക്കിവിട്ടു. ഞാന്‍ വല്ലാതായി. എന്റെ രണ്ടു മണിക്കൂര്‍ നേരത്തെ മൊയലാളി ആണിറങ്ങിപ്പോയത്!കരണം ഇതാണ്, എല്ലാവിധ സന്നാഹങ്ങളോടും കൂടി തുടങ്ങി വച്ച ഒരു സമിതിയാണ്. മാസങ്ങളുടെ റിഹേര്‍സലും നടത്തി..മൂന്നുനാല് അരങ്ങും കഴിഞ്ഞു. ഓരോ നാടകത്തിനും ഓര്കെസ്ട്ര മാത്രം പുതിയത്. നാടകത്തിന്റെ അന്നും തലേന്നും ഓടിച്ചിട്ട് പിടിച്ചു കൊണ്ട് വരുന്ന ആരെങ്കിലുമൊക്കെ. കിട്ടുന്ന ഉപകരണങ്ങളുടെയും അത് മീട്ടുന്നവരുടെ കഴിവിനെയും ആശ്രയിച്ചു ഓരോ നാടകത്തിനും പശ്ചാത്തല സംഗീതവും മാറിക്കൊണ്ടിരിക്കും. സ്ഥിരമായി ഉണ്ടായിരുന്നത് രാജുവും ഗായകന്‍ ഇംതിയാസും ഗായികയും രാജുവിന്റെ ഭാര്യയും ആയ എലിയാമ്മയും മാത്രമാണ് (ഏലിയാമ്മ അതി ഗംഭീരമായി പാടുമായിരുന്നു. രണ്ടു പേരും സ്വാതി തിരുനാള്‍ മ്യൂസിക് അക്കാദമിയില്‍ നിന്നും ഗാനഭൂഷണം എടുത്തവരായിരുന്നു. രാജുവിന്റെ കൂടെ പോയില്ലായിരുന്നുവെങ്കില്‍ മലയാളത്തിലെ ആദ്യത്തെ സ്വദേശ പിന്നണി ഗായിക ആകേണ്ടവളായിരുന്നു ഏലിയാമ്മ എന്നു പിന്നീട് പലപ്പോഴും ആകാശവാണിയിലെ തലമുതിര്‍ന്ന സംഗീതജ്ഞര്‍ പറഞ്ഞു കേട്ടിട്ടുള്ളത് നൂറു ശതമാനവും ശരിയാണെന്ന് തോന്നിയിട്ടുണ്ട്)
തീരെ സഹികെട്ടാണ് സംഘാടകര്‍ അങ്ങിനെ ഒരു തീരുമാനം എടുത്തത്. രാജു ഇറങ്ങി കഴിഞ്ഞുള്ള സുദീര്‍ഘ നിശ്ശബ്ദതക്കൊടുവില്‍ ആരോ മൌനം ഭഞ്ജിച്ചു, "സ്റ്റീവിയ്ക്ക് ഇതിന്റെ ഓര്കെസ്ട്ര ശരിയാക്കി എടുക്കാമോ? ഞങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്യാം! " ശരിക്കും ഞെട്ടിയത് മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇതെഴുതുമ്പോഴാണ്, അന്ന് ആ പതിനാറാം വയസ്സില്‍ എന്ത് ധൈര്യത്തിലാണ് ആ ഉത്തരവാദിത്വം എടുത്തു തലയില്‍ വച്ചത് എന്നോര്‍ത്തു!
തുടര്‍ന്നു വായിക്കുക...
തുടര്‍ന്നു വായിക്കുക...
No comments:
Post a Comment