Monday, December 20, 2010

അലസിപ്പോയ ഒരു ഗര്‍ഭവും അനഭിജാത ജന്മവും (തുടര്‍ച്ച)

കഥ ഇതുവരെ..

പൂമരച്ചില്ലയുടെ ചര്‍ച്ചകളും മറ്റുമായി പിന്നെയും കുറെ ദിവസങ്ങള്‍ കൂടി കടന്നു പോയി. അതിനിടെ ഓരോരുത്തര്‍ ഓരോ ആവശ്യങ്ങളുമായി വീണ്ടും സന്ധിപ്പോം വ്യവസ്ഥയില്‍ താല്‍ക്കാലികമായി പിരിഞ്ഞു. ഒന്ന് രണ്ടാഴ്ചകള്‍ കഴിഞ്ഞു ഒരു മധ്യാഹ്നത്തില്‍ ഞാന്‍ മധുരിമയില്‍ ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുമ്പോള്‍ അതാ ഒരു ചെറിയ സംഘം കയറിവരുന്നു. വരവില്‍ തന്നെ ഒരു അടിയന്തരാവസ്ഥ പ്രകടമായിരുന്നു. അതുകൊണ്ട് ഞാന്‍ പെട്ടെന്ന് തന്നെ കുട്ടികളെ (ആറിനും അറുപതിനും ഇടയ്ക്കുള്ള) എന്തെക്കൊയോ അഭ്യാസങ്ങള്‍ (exercise) നല്‍കി പറഞ്ഞുവിട്ടു.


ഇത്തവണ ഡോ. സദാശിവന്‍ ആയിരുന്നു സംഘത്തലവന്‍. കൂടെ ആലീസും ഉണ്ണികൃഷ്ണനും കൂടാതെ രണ്ട് പുതു മുഖങ്ങളും. താടിവച്ചു മെല്ലിച്ച ഒരു ചെറുപ്പക്കാരന്റെ പേര് വിജയകുമാര്‍. കൂടെയുണ്ടായിരുന്ന ചോക്ലൈറ്റ് യുവാവിന്റെ പേര്‍ ഓര്‍മ്മയില്ല. രണ്ടുപേരും ഇലന്തൂര്‍കാര്‍ (പത്തനംതിട്ടയ്ക്കടുത്തുള്ള ഒരു സ്ഥലം /ക്യാപ്റ്റന്‍ രാജുവിന്റെ നാട്) ഇലന്തൂര്‍ വിജയകുമാര്‍ ഒരു സംവിധായകന്‍ ആയിരുന്നു. അമ്പിളി അമ്മാവന്‍ എന്ന പേരിലുള്ള അദ്ദേഹം ചെയ്ത കുട്ടികളുടെ സിനിമ ഞാന്‍ കണ്ടിരുന്നില്ല. പുതിയ ഒരു പടത്തിന്റെ പ്രോജെക്ടുമായി ആണ് വന്നിരിക്കുന്നത്. കേസില്ലാ വക്കീലിന് ഒരു കൊലക്കേസുമായി വന്ന ഗുമസ്തന്റെ മുഖച്ഛായ ആണ് സദാശിവനും സംഘത്തിനും. വക്കീലിന് കേസുണ്ടെങ്കിലേ ഗുമസ്തന് ശമ്പളമുള്ളൂ. ഞാന്‍ ആണെങ്കില്‍ നിയമം പഠിപ്പിക്കുന്നു എന്നേ ഉള്ളൂ ബാറില്‍ കയറിയിട്ടില്ല...

സംഗതി അല്പം സീരിയസ് ആണ്. പടത്തിന്റെ കാസ്റ്റിങ്ങും ഒക്കെ കഴിഞ്ഞു ഷൂട്ടിംഗ് തീരുമാനിച്ചിരിക്കുകയാണ്. റെക്കോര്‍ഡിംഗ് നടന്നിട്ടില്ല. എത്രയും പെട്ടെന്ന് പാട്ട് എഴുതി സംഗീതം നല്‍കി റെക്കോര്ഡ് ചെയ്യണം. കഴിയുമെങ്കില്‍ പിറ്റേന്ന് തന്നെ........ കവിയുടെ ബീജം മനസ്സിന്റെ ഗര്‍ഭപാത്രത്തില്‍ പേറി ആഴ്ചകളുടെ സര്‍ഗപ്രക്രിയകള്‍ക്കൊടുവില്‍ നൊന്തു പ്രസവിക്കുന്ന ആദര്‍ശ മാനദണ്ഡം ഒക്കെ തല്‍ക്കാലം മാറ്റിവച്ചു പണി തുടങ്ങി. വിജയകുമാര്‍ സിറ്റുവേഷന്‍ വിശദീകരിച്ചു. ഗ്രാമീണ ബ്രാഹ്മണയുവാവിനെ കോളജിലെ നാഗരിക യുവാക്കള്‍ റാഗിങ്ങിനിടെ ഓടിച്ചിട്ട്‌ പിടിച്ചു പാട്ട് പാടിപ്പിക്കുന്നതാണ് രംഗം. പട്ടരു കുട്ടിയായതുകൊണ്ട്‌ സാഹിത്യവും ശാസ്ത്രീയവും മസ്റ്റ്‌!
സദാശിവനെ വത്മീകത്തിലാക്കി ഞങ്ങള്‍ ചായകുടിക്കാന്‍ ഇറങ്ങി. തിരികെ വന്നപ്പോള്‍ പല്ലവി റെഡി! വെറും പല്ലവി അല്ല, "വല്ലകി മീട്ടുന്ന പല്ലവി"!!! പട്ടരുകുട്ടിയെ പാടിപ്പിക്കാന്‍ രാഗാടിഷ്ടിത ഈണം തന്നെ വേണമല്ലോ. മലയാളത്തിലെ പതിവ് രാഗങ്ങളെ മനപ്പൂര്‍വ്വം ഒഴിവാക്കി അധികമാരും കൈവച്ചിട്ടില്ലാത്ത ചന്ദ്രഖോന്‍സ് തിരഞ്ഞെടുത്തു. നിമിഷനേരം കൊണ്ട് ഈണം ചിട്ടപ്പെടുത്തി നോട്ടേഷനിലാക്കി. അപ്പോഴേയ്ക്കും ഡോക്ടര്‍ അനുപല്ലവിയും തരപ്പെടുത്തിക്കഴിഞ്ഞു. പത്തു മിനിട്ട് കൊണ്ട് പാട്ട് റെഡി......അടുത്തത്‌ സൈരന്ധ്രീ നിഹാദ്രം . പത്തു പതിനഞ്ചു മിനിട്ടുകൊണ്ട് അതും റെഡി. "പാതിരാവില്‍ പനിനീര്‍പൂവായി പൌര്‍ണമി എന്തിനു വിരിഞ്ഞു"...

എന്റെ ജോലി തീര്‍ന്നു. ഇനി നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും ഊഴമാണ്. അപ്പോഴാണ്‌ സംവിധായകന്‍ പറയുന്നത്, "നിര്‍മ്മാതാവ് ഔട്ട്‌ ഓഫ് സ്റ്റേഷന്‍ ആണ് , അതു കൊണ്ട് കാര്യങ്ങള്‍ ഒക്കെ നമ്മള്‍ തന്നെ ചെയ്യണം, എല്ലാ ഉത്തരവാദിത്വങ്ങളും സംവിധായകനെ ഏല്പിച്ചിരിക്കുകയാണ്" എന്ന്. ഞാന്‍ ഉടനെ തന്നെ തരംഗിണിയില്‍ കോണ്ടാക്റ്റ് ചെയ്തു ലഭ്യത അനുസരിച്ച് രണ്ടാം ദിവസം സ്റ്റുഡിയോ ബുക്ക്‌ ചെയ്തു. ഇനി അടുത്ത കടമ്പ ഓര്‍കേസ്ട്ര ആണ്. തിരുവനന്തപുരത്തു അക്കാലത്ത് നല്ല ഓര്‍കേസ്ട്ര ലഭ്യമല്ലായിരുന്നു. പ്രത്യേകിച്ച് വയലിന്‍ വിഭാഗം. സ്റ്റുഡിയോ ബുക്ക്‌ ചെയ്തപ്പോള്‍ തന്നെ പെര്‍ക്കഷന്‍ വിഭാഗവും (തബല, മൃദംഗം, തകില്‍ തുടങ്ങിയവ) കിട്ടാവുന്നത്ര കൊള്ളാവുന്ന വയലിനിസ്റ്റ്കളെയും കുക്ക് ചെയ്യാന്‍ ഏല്പിച്ചിരുന്നു. കൂടാതെ കണ്ടക്റ്റ് ചെയ്യാന്‍ ഒരാളെയും. പിറ്റേന്ന് രാവിലെ രണ്ട് ശിങ്കിടികളെ കോട്ടയത്തിനും കൊച്ചിക്കും വിട്ടു. ബാക്കിയുള്ള വയലിനിസ്റ്റ്കളെയും ഫ്ലുട്ടു, ഡ്രം, ഗിറ്റാര്‍ മുതലായവ വായിക്കുന്നവരേയും തപ്പി...വൈകുന്നേരം ആയപ്പോള്‍ എല്ലാം റെഡി. പിറ്റേന്ന് രാവിലെ എല്ലാവരും തരംഗിണിയില്‍ എത്താന്‍ ഏര്‍പ്പാട് ചെയ്തു. വൈകുന്നേരത്തെ വേണാടില്‍ ഞാന്‍ തിരുവനന്തപുരത്തെയ്ക്ക് തിരിച്ചു.

ട്രെയിനില്‍ മൊത്തം കോളേജ് കുമാരീകുമാരന്മാരും ടീച്ചര്‍മാരും ഉപകരണവാദികരും ആയിരുന്നു. മൊത്തത്തില്‍ ഒരു സംഗീതനൃത്തമയം!!! വടക്ക് എങ്ങോ സര്‍വ്വകലാശാല യുവജനോത്സവവും കഴിഞ്ഞുള്ള മടക്കയാത്ര..ഞാനാണെങ്കില്‍ പാട്ടിന്റെ കരടുരൂപം മാത്രമേ ചെയ്തിട്ടുള്ളൂ....., prelude, interlude, counter, chords തുടങ്ങിയ orchestral കാര്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല...ട്രെയിനില്‍ ആണെങ്കില്‍ നല്ല ബഹളവും. മറ്റൊരവസരത്തില്‍ ആയിരുന്നെങ്കില്‍ ശരിക്കും ആസ്വദിച്ചേക്കാമായിരുന്ന സംഗീത,നൃത്ത മറ്റു സുകുമാര കലാസംബന്ധിബഹളം.... എന്റെ കയ്യില്‍ ആണെങ്കില്‍ ഉപകരണങ്ങള്‍ ഒന്നും ഇല്ല. നോട്ടേഷന്‍ ബുക്ക്‌ എടുത്തു ഓര്‍കേസ്ട്ര മസ്തിഷ്കത്തില്‍ വിഭാവനം ചെയ്തു ഓരോ ഉപകരണങ്ങള്‍ക്കും വേണ്ട നോട്ടേഷന്‍ പ്രത്യേകം പ്രത്യേകം എഴുതുന്ന ശ്രമകരമായ ഉദ്യമത്തില്‍ മുഴുകി. ഇടയ്ക്കെപ്പോഴോ അടുത്തിരുന്ന ടീച്ചര്‍ ചോദിച്ചു "ഇതെന്താ എഴുതുന്നത്‌ അറബിയാണോ" എന്ന്. ചോദിച്ചത് ഒരു കലാശാല മ്യൂസിക്‌ ടീച്ചര്‍ ആണ്, അഞ്ചു വര എന്താണെന്നുപോലും അറിയാത്ത മ്യൂസിക്‌ ടീച്ചര്‍.


വണ്ടി തമ്പാനൂര്‍ എത്തിയപ്പോഴേയ്ക്കും orchestra score റെഡി. ഹോട്ടെലില്‍ എത്തിയപ്പോള്‍ കൂട്ടിനു ആളുമായി. ബെയിസ് ഗിറ്റാര്‍ വായിക്കുന്ന ജോളി (ജെന്‍സിയുടെ ആങ്ങള) മറ്റൊരു റിക്കോര്‍ഡിംഗ് കഴിഞ്ഞു പിറ്റേന്നത്തെ എന്റെ റിക്കൊര്ടിങ്ങിനു വേണ്ടി അവിടെ തങ്ങുകയായിരുന്നു. കൂടെ സഹോദരനും കേരളത്തിലെ ഏറ്റവും മികച്ച ഗിറ്റാരിസ്ടുകളില്‍ ഒരാളായ ജെര്സപ്പന്‍ എന്ന ജെര്‍സണ്‍ ആന്റണിയും.... രണ്ട് പേരും എന്റെ അടുത്ത കൂട്ടുകാര്‍. അതിനിടയ്ക്ക് തരംഗിണിയില്‍ വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചു. എല്ലാം റെഡി. പക്ഷെ കണ്ടക്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ആള്‍ (മോഹന്‍ സിതാര) യേശുദാസിന് അത്യാവശ്യമായി പാടി ചേര്‍ക്കാനുള്ള ഒരു ട്രാക്കുമായി മദിരാശിയിലേക്ക് പോയിരിക്കുകയാണ്. പിറ്റേന്ന് രാവിലെ പോകാനിരുന്ന ജെര്സനെ ഞാന്‍ പിടിച്ചുനിര്‍ത്തി. സത്യത്തില്‍ ഉര്‍വശീശാപം ഉപകാരം എന്നപോല്‍ അവിചാരിതമായി കണ്ട ജെര്സനെ എവിടെ തിരുകിക്കയറ്റും എന്ന ശങ്കയില്‍ നിന്ന എനിക്ക് അതൊരു ആശ്വാസ വാര്‍ത്ത ആയിരുന്നു.

പിറ്റേന്ന് രാവിലെ സമയത്തിന് തന്നെ സ്റ്റുഡിയോയില്‍ എത്തി. പൂജയ്ക്കുള്ള ചുറ്റുവട്ടങ്ങളുമായി സംവിധായകന്‍ വിജയകുമാറും സംഘവും എത്തി. കമ്മുണിസ്റ്റുകാരനായ, കെ ആര്‍ ഗൌരിയുടെ വളര്‍ത്തു മകനാണ് വിളക്ക്കൊളുത്തിയത്. കൂട്ടത്തില്‍ പഴയ സ്നേഹിതനായ കൊട്ടാരക്കര ബോബിയും ഗണേഷ്കുമാറും മറ്റാരൊക്കെയോഒക്കെയും ഉണ്ടായിരുന്നു. അപ്പോഴാണ്‌ ആദ്യത്തെ ദുശ്ശകുനവുമായി കോട്ടയത്തുനിന്നും ഡ്രമ്മര്‍ ജേക്കബ്‌ സാമുവല്‍ വരുന്നത്. കോട്ടയത്ത് നിന്നും വരാമെന്ന് ഏറ്റിരുന്ന മൂന്നു വയലിനിസ്റ്റ്കളെ കുമരകം രാജപ്പന്‍ റാഞ്ചികൊണ്ടുപോയി. വയലിനിലാണ് കൂടുതലും ഓര്കേസ്ട്ര കമ്പോസ് ചെയ്തു വച്ചിരിക്കുന്നത്. നോട്ടേഷന്‍ കണ്ടപ്പോള്‍ തന്നെ തിരുവനന്തപുരം വയലിനിസ്റ്റുകള്‍ മുറുമുറുക്കാന്‍ തുടങ്ങി. തങ്ങളെക്കൊണ്ട് പറ്റില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു. കൊച്ചിയില്‍ നിന്നും വന്ന മൂന്നുപേര്‍ പരിശ്രമിച്ചു തുടങ്ങി. സ്റ്റുഡിയോയ്ക്ക് മണിക്കൂര്‍ അനുസരിച്ച് കാശ് കൊടുക്കണം. അഴിച്ചുപണിയാന്‍ സമയമില്ല. അങ്ങിനെ വല്ലകിയുടെ വയലിന്‍ BGM മൊത്തം പകുതി സ്പീഡില്‍ ആക്കി, അതായത് നാലാം കാലത്തില്‍ കമ്പോസ് ചെയ്തത് മൂന്നാം കാലത്തില്‍ വായിപ്പിച്ചു. എന്നിട്ടും ശരിയാകുന്നില്ല. കേരളത്തിലെ അന്നത്തെ ഓര്‍ക്കെസ്ട്രയുടെ പോരായ്മ ശരിക്കും മനസ്സിലാക്കി. അങ്ങിനെയിരിക്കുമ്പോള്‍ അതാ മോഹന്‍ (സിതാര) കയറിവരുന്നു. നല്ലൊരു വയലിനിസ്റ്റ് ആയ മോഹനെ കണ്ടപ്പോള്‍ എനിക്കല്പം ഒരാശ്വാസം തോന്നി. നഷ്ടപ്പെട്ട മൂന്നിന് പകരം ഒന്നെങ്കിലും ആയല്ലോ എന്ന്....


പക്ഷെ മോഹന്‍ വയലിന്‍ വായിക്കാന്‍ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല ജെര്സപ്പനെ മാറ്റി കണ്ടക്റ്റ് ചെയ്യണമെന്നു വാശി പിടിക്കുകയും ചെയ്തു. കരണം കണ്ടക്റ്റ് ചെയ്യുന്ന ആള്‍ക്ക് അന്ന് അമ്പതു രൂപ കൂടുതല്‍ കിട്ടും.....അവസാനം ഗിറ്റാര്‍ വായിക്കാന്‍ മറ്റു രണ്ടുപേര്‍ ഉണ്ടായിരുന്നിട്ടും ജെര്സനെ ഒരു 12 string guitar വായിക്കാന്‍ ഇരുത്തി. പോകാനിരുന്ന ആളിനെ പിടിച്ചു നിര്‍ത്തിയതല്ലേ?

അപ്പോഴാണ്‌ ഇലന്തൂര്‍ വിജയകുമാര്‍ സാക്ഷാല്‍ ബോംബു പൊട്ടിച്ചത്......നിര്‍മാതാവ് മുങ്ങി.....

Wednesday, December 8, 2010

ഓര്‍മ്മയിലൊരീണം

അലസിപ്പോയ ഒരു ഗര്‍ഭവും അനഭിജാത ജന്മവും

ആലീസ് (ഗായിക) മുഖാന്തിരം ആണ് ഞാന്‍ ഡോ. സദാശിവനെ പരിചയപ്പെടുന്നത്. ഒരിക്കല്‍ ആലീസും ഭര്‍ത്താവ് ഉണ്ണികൃഷ്ണനും തിരുവല്ലയില്‍ വന്ന സമയത്ത് കൂടെ വന്നതാണ്. അച്ഛനും അമ്മയും അമേരിക്കയിലും ഞാന്‍ നാട്ടില്‍ ഒറ്റയ്ക്കും ആയിരുന്ന ആ കാലങ്ങളില്‍ അവരും അതുപോലെ മറ്റു പല അതിഥികളും വന്നാല്‍ പല ദിവസങ്ങള്‍ വീട്ടില്‍ താമസിച്ചിട്ടാണ് പോകാറ്...പാചകവും അടിച്ചുവാരലും തുണിനനയും ഒക്കെ അതിഥികള്‍ തന്നെ....ആയിടയ്ക്ക് കുറെ ക്രിസ്മസ് ഗാനങ്ങള്‍ സദാശിവന്‍ എഴുതി ഞാന്‍ ഈണം നല്‍കി ആലീസിനെക്കൊണ്ട് പാടിച്ചു റെക്കോര്‍ഡ്‌ ചെയ്തു. ഇത് പോലെ നിരവധി ഗാനങ്ങള്‍ ഞാന്‍ ഈണം നല്‍കി ആലീസ്, ഉണ്ണി, ലാലു ചെറിയാന്‍ തുടങ്ങിയവരെക്കൊണ്ട് റെക്കോര്‍ഡ്‌ ചെയ്തിട്ടുണ്ട്. ഒന്നും പബ്ലിഷ് ചെയ്തിട്ടില്ല, വെറും ആത്മ സംപ്തൃപ്തിക്ക് വേണ്ടി മാത്രം!!! ആലീസ് പാടിയ ഏറ്റവും നല്ല ഗാനങ്ങള്‍ ഈക്കൂട്ടത്തിലാണ്.
Alice Unnikrishnan

ഒരു ദിവസം ആലീസും ഉണ്ണികൃഷ്ണനും സദാശിവനും കൂട്ടത്തില്‍ ഒരപരിചിതനും കൂടി വീട്ടില്‍ വന്നു. ദേവദാസ് എന്നായിരുന്നു കോടമ്പാക്ക പശ്ചാത്തലമുള്ള നവാതിഥിയുടെ പേര്. തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന അയാള്‍ ഒരു ചിത്രസംയോജകന്‍ ആയിരുന്നു. വലിയ ഒരു പുസ്തകവും ഒക്കെ ആയിട്ടായിരുന്നു വരവ്. കക്ഷി സ്വന്തമായി തിരക്കഥ എഴുതി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള പുറപ്പാടിലാണ്. ചിത്രത്തിന്‍റെ പേര് പൂമരച്ചില്ലകള്‍!!!


ഗാനരചന സദാശിവന്‍ ആണ്. സംഗീതം ആല്‍ബെര്‍ട്ട് വിജയനും. പ്രിലിമിനറി റിക്കാര്‍ഡിംഗ് ചെയ്ത ഒരു കാസറ്റുമായാണ് വന്നത്. അവര്‍ക്ക് വിജയന്റെ സംഗീതം തൃപ്തിയായില്ല, അഥവാ അങ്ങിനെയാണ് എന്നോട് പറഞ്ഞത്. പകരം എന്നെക്കൊണ്ട് ചെയ്യിക്കാനുള്ള പുറപ്പാടിലാണ്. വിജയന്‍ ചെയ്ത പാട്ട് ഞാന്‍ കേട്ടു നോക്കി. കുഴപ്പം ഒന്നും തോന്നിയില്ല, കേള്‍ക്കാന്‍ സുഖം ഉണ്ടായിരുന്നു, ആശയത്തിന്റെ ആത്മാവിനെ ആവാഹിക്കാന്‍ കഴിഞ്ഞിരുന്നില്ലയെങ്കിലും. വിജയനുമായി സൗഹൃദം ഒന്നുമില്ലായിരുന്നുവെങ്കിലും പരസ്പരം അറിയാമായിരുന്നു. ചലച്ചിത്ര സംഗീതസംവിധായകന്‍ എന്ന സ്വപ്നം നിനച്ചിരിക്കാതെ സാക്ഷാല്‍ക്കരിക്കാന്‍ പോകുന്നു എന്ന സത്യം (അതോ മിഥ്യയോ) മുന്നില്‍ വന്നു നിന്നപ്പോള്‍ തൊഴില്‍ ധര്‍മ്മങ്ങള്‍ ഒന്നും ചിന്തിക്കാതെ സമ്മതം മൂളി.

തുടര്‍ന്നുള്ള ദിവസങ്ങള്‍ സൃഷ്ടിയുടെ വേദനയുടെതായിരുന്നു. എന്നേക്കാള്‍ പ്രഗത്ഭനായ ഒരാളുടെ നിരാകരിക്കപ്പെട്ട ദൌത്യം ആണ് ഏറ്റെടുത്തിരിക്കുന്നത്. മൂന്നോ നാലോ പാട്ടുകള്‍ ആണുണ്ടായിരുന്നത്
രാഗിണിക്കാവിലെ (Male)
വസന്തകാലപ്പക്ഷി (Male)
എന്റെ മനസ്സിലും നിന്റെ മനസ്സിലും (Duet)
പൂങ്കുയില്‍ക്കുഞ്ഞിനെ (Female)
Albert Vijayan

തിരുവല്ലയിലെ എന്റെ വീട് ഒരു കൊച്ചു താല്‍ക്കാലിക കോടമ്പാക്കം ആയി മാറുകയായിരുന്നു. ഡിസ്കഷനും താര നിര്‍ണ്ണയവും ഒക്കെ മുറയ്ക്ക് നടക്കുന്നു. ദേവദാസ് ഒരു മൂലയില്‍ ഇരുന്നു എഴുത്തോടെഴുത്തു. മൂന്നുനാല് ദിവസങ്ങള്‍ക്കൊണ്ട്‌ ഞാന്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തി. "രാഗിണിക്കാവിലെ" ചെയ്തത് ആരും അതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വനസ്പതി എന്ന രാഗത്തിലായിരുന്നു. "വസന്തകാലപ്പക്ഷി" സിംഹേന്ദ്ര മധ്യമത്തിലും. ഒരു ഡെമോ എടുക്കാന്‍ തീരുമാനിച്ചു. താല്‍ക്കാലികമായി തട്ടിക്കൂട്ടിയ ഒരു സെറ്റപ്പില്‍ കുറെ ഓര്കെസ്ട്ര ഒക്കെ സംഘടിപ്പിച്ചു റിക്കോര്‍ഡിംഗ് തുടങ്ങി. യേശുദാസിനെ മനസ്സില്‍ കണ്ടു ചെയ്ത പാട്ടുകള്‍ ആര് പാടിയിട്ടും ശരിയാകുന്നില്ല. പിന്നെ പാടിയവര്‍ക്ക് പരിചയമില്ലാത്ത രാഗവും. അല്പമെങ്കിലും നീതി പുലര്‍ത്താന്‍ കഴിഞ്ഞത് കലാഭവനില്‍ പാടിയിരുന്ന ഒരു സാബുവിനും പിന്നെ കൊല്ലത്തുകാരന്‍ ഒരു ക്രിസ്റ്റഫറിനും മാത്രമായിരുന്നു, എന്നിട്ടും തൃപ്തിയായില്ല. അവസാനം ചങ്ങനാശ്ശേരിക്കാരന്‍ ഒരു തോമസ്കുട്ടിയെക്കൊണ്ട് തല്ക്കാലം പാടിച്ചുവച്ചു. യേശുദാസ് പാടുമ്പോള്‍ ഏതായാലും സംഗതി കീഴ്മേല്‍ മറിയുമല്ലോ!!!


തുടര്‍ന്നു വായിക്കുക

Tuesday, December 7, 2010

നടക്കാതെ പോയ കൂടിക്കാഴ്ച

രാഘവന്‍ മാസ്റ്ററെ കുറിച്ചുള്ള ആദ്യ ഓര്‍മ്മക്കുറിപ്പ് ഇവിടെയുണ്ട്..

തുടര്‍ന്ന്..

ഭൂഗോളം ഒരു പത്തു പ്രാവശ്യം കൂടി സൂര്യനെ വലയം വച്ച് കാണണം. അതിനോടകം അല്പം കൂടി വെളിച്ചം മുണ്ഡക കാര്യാലയത്തില്‍ ഉദിച്ചുവെന്നും കരുതിക്കോ!


വെള്ളിത്തിരയിലെ അധരഗോഷ്ടി കാണിക്കുന്ന സുന്ദരരൂപങ്ങള്‍ക്ക്‌ പിറകില്‍ ശബ്ദദായകരായി മറ്റു ചിലര്‍ ഉണ്ടെന്നും അതവരുടെ വക്ത്രത്തില്‍ ഉരുട്ടി വച്ച് കൊടുക്കാന്‍ മറ്റു രണ്ട് പേരുടെ സര്‍ഗ്ഗപ്രയുക്തി ആവശ്യമാണെന്നും അതിനെല്ലാം അകമ്പടി സേവിക്കാന്‍ വേറെയും പത്തുമുപ്പതു പേരുടെ പരിശ്രമം ആവശ്യമാണെന്നും ഇതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ ചില സാങ്കേതിക കടമ്പകള്‍ കൂടെ കടക്കണമെന്നും ഒക്കെ മനസിലാക്കുക മാത്രമല്ല, അറിഞ്ഞോ അറിയാതെയോ അവയെല്ലാം അനുധാവനം ചെയ്യാനുള്ള ഭാഗ്യമോ (എനിക്ക്) നിര്‍ഭാഗ്യമോ (മറ്റുള്ളവര്‍ക്ക്) ഉണ്ടാവുകയും ചെയ്തു.

ഒരു ദിവസം കൊല്ലത്ത് ഒരു ഒരു പാതകം കഴിഞ്ഞു തിരികെ വരികയായിരുന്നു. കൂടെ തബലിസ്റ്റ് മണിയും (പങ്കജവല്ലിയുടെ മകന്‍, കാവേരിയുടെ അച്ഛന്‍) ഗിതാരിസ്റ്റ് പ്രതാപനും ഉണ്ടായിരുന്നു. കായംകുളം അടുക്കാറായപ്പോള്‍ മണിക്ക് ആരെയോ കാണാനുണ്ടെന്ന് പറഞ്ഞു ഒരു പഴയ ഓടിട്ട കെട്ടിടം നിലകൊള്ളുന്ന ഒരു തൊടിയിലേക്ക്‌ തിരിഞ്ഞു.

അതൊരു മഹാക്ഷേത്രമായിരുന്നു . നിരീശ്വരവാദികളുടെ ആ ക്ഷേത്രാങ്കണത്തില്‍ സരസ്വതീ ചൈതന്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്തവണ്ണം തുളുമ്പി നിന്നിരുന്നു. സാധാരണ ദേവ വിഗ്രഹങ്ങള്‍ക്ക് വിപരീതമായി രണ്ട് കരങ്ങള്‍ മാത്രമുള്ള ഒരു ദേവിയുടെയും ദേവന്റെയും വിഗ്രഹം അവിടുണ്ടായിരുന്നു. അതീവ സുന്ദരിയായ ആ ദേവിയുടെയും അരോഗദൃഡഗാത്രനായ ദേവന്റെയും ഓരോ കയ്യില്‍ മാത്രമേ ആയുധങ്ങള്‍ ഉണ്ടായിരുന്നുള്ളൂ.. ശൂലവും വാളും ഏന്തി നില്‍ക്കുന്ന ആ വിഗ്രഹം നയന മനോഹരം ആയിരുന്നു.

വിശാലമായ മോന്തായത്തില്‍ ഒരു ചാരുകസേരയില്‍ ഒരു കാല്‍ മുറിച്ചുമാറ്റപ്പെട്ട, മലയാളത്തിന്റെ നാടകാചാര്യന്‍ ഇരിക്കുന്നു...മൂന്നു വശവും ഉയരം കുറഞ്ഞ അരമതിലുള്ള ആ തളത്തില്‍ അങ്ങിങ്ങായി കലാകാരന്മാര്‍ ചിതറി നിന്നിരുന്നു. ഒരു സ്ത്രീ നിലത്തിരുന്നു വീണ വായിക്കുന്നു. സാധാരണ ഗാനമേളകളിലും മറ്റും ഉപയോഗിക്കാത്ത ആ ഉപകരണം മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും, ആദ്യമായാണ്‌ ഒരു പ്രൊഫഷനല്‍ സ്റ്റയിലില്‍ മീട്ടുന്നത് കാണുന്നത്. കൂടെ മറ്റു ഉപകരണങ്ങളും വായിക്കുന്നുണ്ട് . ഏതോ ഒരു പാട്ടിന്റെ പശ്ചാത്തല സംഗീതം ഹൃദിസ്ഥമാക്കുകയാണ്. യഥാര്‍ഥത്തില്‍ അവിടെ പുതിയ ഒരു നാടകത്തിന്റെ കമ്പോസിംഗ് നടക്കുകയാണ്. ഞങ്ങള്‍ അരമതിലിനു പുറത്തായി കൌതുക പൂര്‍വ്വം എല്ലാം വീക്ഷിച്ചുകൊണ്ട്‌ നിന്നു...

ഞങ്ങള്‍ നിന്നിരുന്നതിനു അടുത്തായി അരമതിലില്‍ അരണ്ട വെളിച്ചത്തില്‍ ഒരാള്‍ ഇരുന്നിരുന്നത് മണി ആംഗ്യം കാണിച്ചു തന്നപ്പോള്‍ ആണ് ശ്രദ്ധിച്ചത്........ കയ്യില്‍ പിടിച്ച
4" x 5" വലിപ്പത്തിലുള്ള ദര്‍പ്പണത്തില്‍ നോക്കി വെളുത്ത മുണ്ടും ജുബ്ബയും ധരിച്ച ഒരു കറുത്ത ചെറിയ മനുഷ്യന്‍ ഐ ബ്രോ പെന്‍സില്‍ ഉപയോഗിച്ച് പുരികം കറുപ്പിക്കുകയാണ്! മുഖത്തു നല്ല കനത്തില്‍ പൌഡര്‍ ഇട്ടിട്ടുണ്ട്. പൊറ്റക്കാടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അടുക്കള ചുവരില്‍ കുമ്മായം അടിച്ചപോലെ!! ഒരു ചെറിയ സ്യൂട്ട്കേസ് തുറന്നിരിപ്പുണ്ട്. അരമതിലില്‍ പൂട്ടുകുറ്റി വലിപ്പത്തിലുള്ള ഒരു ക്യുട്ടിക്കൂറ പൌഡര്‍ ടിന്നും, കണ്മഷി, ചീപ്പ് മുതലായ ഉപകരണങ്ങളും നിരന്നിരുപ്പുണ്ട്. പെട്ടിയില്‍ ഒരു ജോഡി വസ്ത്രം, ഒരു തോര്‍ത്ത്, ഷേവിംഗ് സെറ്റ്, സോപ്പ്, ബ്രഷ് മുതലായവയും.... കക്ഷി ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നില്ല അഥവാ ശ്രദ്ധിക്കുന്നില്ല......കൌതുക പൂര്‍വ്വം ഞാന്‍ മണിയോട് ചോദിച്ചു "ആരാണീ കക്ഷി?" പത്തുവര്‍ഷം മുന്‍പ് കേട്ട അതേ ഉത്തരം " കെ. രാഘവന്‍" പക്ഷെ ഉത്തരത്തില്‍ ആധികാരികതയുണ്ടായിരുന്നു. മണി തുടര്‍ന്നു, "പുള്ളി വളരെ സിമ്പ്ലന്‍ ആണ്, പത്തു മിനിട്ട് സമയം കിട്ടിയാല്‍ മേക്കപ്പ് ചെയ്യും"

ഏത് രാഘവന്‍ എന്ന മണ്ടന്‍ ചോദ്യവും ചോദിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ എത്രയോ പാട്ടുകള്‍ക്ക് സ്റ്റേജില്‍ കീബോര്‍ഡും ഗിറ്റാറും വയലിനും ഒക്കെ വായിച്ചിരിക്കുന്നു. പരിചയപ്പെടണം എന്നുണ്ടായിരുന്നു , പക്ഷെ വളരെ ഏകാഗ്രമായി പുരികം കറുപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ സാധിച്ചില്ല.

ഞങ്ങള്‍ ചെന്ന കാര്യവും സാധിച്ചു വീണ്ടും യാത്രതുടര്‍ന്നു. ഓര്‍ക്കുമ്പോള്‍ വീണ്ടും നഷ്ടബോധം തോന്നുന്നു. അദ്ദേഹത്തിന്‍റെ മഹത്വം ഇന്നറിയുന്ന അളവില്‍ അന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ആ രാത്രി മുഴുവനുമോ അടുത്ത ദിവസവുമോ അവിടെ തങ്ങി അനുഗ്രഹവും വാങ്ങിയേ പോരുമായിരുന്നുള്ളൂ...........

Friday, December 3, 2010

കെ രാഘവന്‍ - ഒരു ഓര്‍മ്മച്ചിത്രം

1971 ല്‍ ആണ്, അന്നെനിക്ക് ഒരു പതിമൂന്നു വയസ്സ് കാണും. തേയിലത്തോട്ടവും, പഞ്ചായത്തിലെ പള്ളിക്കൂടവും ആകാശവാണിയും റേഡിയോ സിലോണും കഴിഞ്ഞാല്‍ അതിനപ്പുറത്തൊരു ലോകമില്ലാത്ത കാലം. നീലഗിരിയിലെ തണുപ്പില്‍ നിന്നും കോഴിക്കോട്ടെ ചൂടിലേയ്ക്കൊരു ചെറിയ അവധിക്കാലം. കാണാക്കാഴ്ച്ചകളുടെയും പട്ടണത്തിലെ തിരക്കിലെയും അമ്പരപ്പിനിടയിലെ ഒരു വൈകുന്നേരം, ബീച്ച് ഹോസ്പിറ്റലിന്റെ അരികിലൂടെ, കോര്‍പ്പറേഷന്‍ ഓഫീസും ഒക്കെ പിന്നിട്ടു നടന്നു പോകുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സ്ഥലവാസികളായ കൂട്ടികളില്‍ മുതിര്‍ന്ന ഐവാന്‍ എന്നോട് ചോദിച്ചു
 "ല്ലെ പോന്നെ  ആരാന്ന് അറിയാമോ?" 

തിരിഞ്ഞു  നോക്കിയപ്പോള്‍ വെളുത്ത മുണ്ടും ഷര്‍ട്ടും (അതോ ജുബ്ബയോ) അണിഞ്ഞു ഒരു ചെറിയ കറുത്ത മനുഷ്യന്‍ കക്ഷത്തിലൊരു കറുത്ത തുകല്‍ ബാഗും ഇടുക്കി, കയ്യില്‍ ഒരു നരച്ച കാലന്‍ കുടയും  പിടിച്ചു ധൃതിയില്‍ വിജനമായ പാതയിലൂടെ  നടന്നു പോകുന്നതാണ്. മുഖം കാണാന്‍ കഴിഞ്ഞില്ല. എന്താണയാള്‍ക്കിത്ര പ്രത്യേകത എന്നഭാവത്തില്‍ നിന്ന എന്റെ സന്ദേഹ നിവൃത്തിക്കായി ഐവാന്‍ പറഞ്ഞു

" അതാണ്‌ കെ. രാഘവന്‍" 
"ആരാ അയാള്?" 

അന്നൊക്കെ പാട്ട് എന്ന് പറഞ്ഞാല്‍ ആകെ അഞ്ചാറു പേരെ നമ്മുടെ ഡാറ്റാ ബെയിസില്‍ ഉള്ളൂ.  എ. എം. രാജാ,  യേശുദാസ്, ജയചന്ദ്രന്‍, ലീല, ജാനകി, സുശീല പിന്നെ സൌന്ദര്‍രാജന്‍, തീര്‍ന്നു! ഇവരൊക്കെ പാടുന്ന പാട്ടുകള്‍ ആരെങ്കിലുമൊക്കെ എഴുതിയതാണെന്നോ ആരെങ്കിലുമൊക്കെ ഈണം നല്‍കിയതാണെന്നോ ചിന്തിക്കാനുള്ള വിവരം വച്ച് തുടങ്ങിയിരുന്നില്ല.

"മൂപ്പരാണ്‌ കായലരികത്ത് പാടിയത്"

അവര്‍ക്കും അത്രയൊക്കെയേ അറിയാമായിരുന്നുള്ളൂ. കായലരികത്ത് എന്ന പാട്ട് കേട്ടിട്ടുണ്ടായിരുന്നു. പ്രേംനസീറിനും സത്യനും മധുവും ഒന്നും മനസ്സില്‍ വരാത്ത ആ പാട്ട് വലിയ ഇഷ്ടം ഒന്നുമായിരുന്നില്ല. എങ്കിലും ചോദിച്ചു,

"അയാള്‍ എന്താ ഇവിടെ?"

" ല്ലെ നീളത്തില്‍ പൊന്തി നിക്കണ കമ്പിയുള്ള ആ കെട്ടിടം കണ്ടോ? താണ്‌ കൊയിക്കോട് റേഡിയോ സ്റ്റേഷന്‍! വിടെയാണ് മൂപ്പര് പണിയെടുക്കുന്നെ"

    ശ്രദ്ധ പിന്നെ റേഡിയോ നിലയത്തിലെക്കും അതിനപ്പുറത്ത് ജീവിതത്തില്‍ ആദ്യമായി കാണുന്ന കടലിന്റെ അപാരതയിലേക്കും ഒക്കെ മാറിപ്പോയി....... ഒരു മിന്നായം പോലെ, ധൃതിയില്‍ കണ്‍കോണുകള്‍ക്കിടയിലൂടെ നടന്നു നീങ്ങിയ ആ കറുത്ത ചെറിയ മനുഷ്യന്‍, മലയാള ലളിത, ചലച്ചിത്ര ഗാനങ്ങളുടെ തലേവര തിരുത്തിക്കുറിച്ച മഹല്‍വ്യക്തിയായിരുന്നു എന്ന് തിരിച്ചറിഞ്ഞത് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്!!!!!

തുടര്‍ന്ന് വായിക്കുക..

Thursday, December 2, 2010

കുമരകം രാജപ്പന്‍ തുടരുന്നു..

ആദ്യഭാഗം ഇവിടെ വായിക്കാന്‍ ഇവിടെ ക്ലിക്കുക...

.... എന്ത് കൊണ്ടാണ് മീശ മുളയ്ക്കാത്ത, മണിക്കൂറുകള്‍ക്കു മുന്‍പ് മാത്രം കണ്ട ഒരു പയ്യനെ ഇത്ര വലിയ ഒരു ഉത്തരവാദിത്വം ഏല്പിച്ചത് എന്നത് ഇന്നും ഒരു സമസ്യയായിത്തന്നെ നിലനില്‍ക്കുന്നു. ഏറ്റെടുത്ത ചുമതല നിസ്സാരമല്ല എന്നു മുന്‍പ് നടന്ന സംഭവത്തില്‍ നിന്നും ഗ്രഹിച്ചിരുന്നു. പ്രൊഫ. നാടക രംഗത്തെക്കുറിച്ച് വലിയ ഗ്രാഹ്യം ഇല്ല. ഒരു കൂട്ടുകാരന് പകരക്കാരനായി കോട്ടയം നാഷണല്‍ തിയേറ്റര്‍സിന്റെ ഒരു നാടകത്തിനു വായിക്കാന്‍ പോയിട്ടുണ്ട്. അതാണ്‌ ആദ്യാനുഭവം. തിരശ്ശീലയ്ക്കു പിന്നിലെ നാടകങ്ങള്‍ കണ്ടു പകച്ചു നിന്ന സമയങ്ങള്‍! കലാകാരന്മാര്‍ തമ്മിലുള്ള തരം തിരിവുകള്‍!! ബസ്സിലെ ഇരിപ്പിടത്തിലും, ചെല്ലുന്ന സ്ഥലങ്ങളിലെ താമസ സൌകര്യത്തിലും, കഴിക്കാന്‍ കിട്ടുന്ന ഭക്ഷണങ്ങളിലും എല്ലാം ഈ തരം തിരിവ് പ്രകടമായിരുന്നു. കൂടാതെ അന്ന് നാഷണല്‍ തിയേറ്റര്‍സിന്റെ നായക നടന് ഒരു അമാനുഷ പരിവേഷവും ഉണ്ടായിരുന്നു. സുപ്രസിദ്ധ സിനിമാ താരം എന്നു പറഞ്ഞു അന്നുവരെ കേട്ടിട്ടില്ലാത്ത ഒരു പേരും വച്ചായിരുന്നു പരസ്യങ്ങള്‍ മുഴുവനും. കക്ഷി ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തില്‍ നായകനായി നടിച്ചുകൊണ്ടിരിക്കുന്ന കാലം. തലക്കനം, മസിലുപിടുത്തം തുടങ്ങിയ സംഭവങ്ങള്‍ അതിന്റെ പൂര്‍ണ്ണ സ്വരൂപത്തില്‍ ജീവിതത്തില്‍ ആദ്യമായി കാണുന്നത് അന്നാണ്. തലേന്നുവരെ തോളില്‍ കയ്യിട്ടു നടന്നിട്ടും അയിത്തം കല്പിക്കപ്പെട്ട സഹാനടന്മാരുടെ മുറുമുറുപ്പും കണ്ടു. സിനിമയിലെ നായക നടന്‍ പിന്നെ സഹനടനായും കാനന സിനിമകളിലെ കാട്ടുമൂപ്പനായും മന്ത്രവാദിയായും, കര്‍ണ്ണസുഖം തരാത്ത ഡബ്ബിംഗ് ആര്‍ടിസ്റ്റ് ആയും പരിണമിച്ചതിന് ചരിത്രം സാക്ഷി. ഒരു സാമാന്യ സ്വഭാവ നടനെങ്കിലും ആകാനുള്ള രംഗപാടവം കൈമുതലായി ഉണ്ടായിരുന്നു.

           അതിനുശേഷം ഉള്ള ഏക നാടക പരിചയം ചെങ്ങന്നൂര്‍ ദര്‍ശന തിയേറ്റര്‍സ്‌ എന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു സമിതിയാണ്. എം. പി. കുഞ്ഞച്ചന്റെ വീടുതന്നെയാണ് സങ്കേതം. പ്രൊഫ. ട്രൂപ്പിന്റെ കെട്ടും ഭാവവും ഉണ്ടെങ്കിലും വല്ലപ്പോഴും പാര്‍ട്ടിയുടെ വല്ല സമ്മേളനത്തിനും KPAC യുടെയും സാമ്പശിവന്റെയും അഭാവത്തില്‍ കളി വല്ലതും കിട്ടിയെങ്കില്‍ ആയി. അവിടെ തീരുന്നു എന്റെ അന്നാളിലെ നാടക പരിചയം.
          രാജുവിന്റെ വീഴ്ചയില്‍ നിന്നും എന്ത് ചെയ്യണം എന്നതിലുപരി എന്ത് ചെയ്യരുത് എന്നു മനസ്സിലാക്കിയിരുന്നു. രാജു നല്ലൊരു കലാകാരന്‍ ആയിരുന്നു, പക്ഷെ ഒട്ടും ഓര്‍ഗനൈസ്ട് ആയിരുന്നില്ല. രണ്ടു പ്രധാന കാര്യങ്ങളാണ് വേണ്ടതെന്നു ഞാന്‍ തീരുമാനിച്ചു. ഒന്ന്: ഒരു നല്ല സംഗീത സംവിധായകന്‍. രണ്ട്: കെട്ടുറപ്പുള്ള ഒരു ഓര്കെസ്ട്ര ടീം.
          അശ്വതീ തിയേറ്റര്‍സ്‌ വ്യത്യസ്തമായ ഒരു സമിതി ആയിരുന്നു. കൊട്ടാരക്കര ശ്രീധരന്‍ നായരും സ്ത്രീ വേഷങ്ങളും മാത്രമേ പ്രോഫഷനല്‍സ് ആയി ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ കലയോട് അടങ്ങാത്ത അഭിനിവേശം ഉള്ള ഒരു പറ്റം ചെറുപ്പക്കാര്‍. കൊട്ടാരക്കര ബോബി അന്ന് ചെറിയ പാരഡി-ഹാസ്യ-കഥാപ്രസംഗങ്ങള്‍ ഒക്കെ നടത്തിയിരുന്നു. അയാള്‍ ഒരുവിധം നന്നായി പാടുമായിരുന്നു. ഏതായാലും അന്ന് തന്നെ ഞാന്‍ ഓര്കെസ്ട്ര സംഘടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചു. ഒരു പ്രോഗ്രാമിന് ഓര്കെസ്ട്ര സംഘടിപ്പിക്കുന്നതും ഒരുവര്‍ഷത്തേക്ക് സംഘടിപ്പിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അവിടെയാണ് രാജുവിന് തെറ്റ് പറ്റിയത്.
        ഉപകരണ വാദികര്‍ പല തട്ടുകളിലാണ്. കച്ചേരിക്ക്‌ വായിക്കുന്നവര്‍, ഡാന്‍സിനു വായിക്കുന്നവര്‍ കഥാപ്രസംഗത്തിനു വായിക്കുന്നവര്‍ നാടകത്തിനു വായിക്കുന്നവര്‍ ഗാനമേളക്ക് വായിക്കുന്നവര്‍ എന്നിങ്ങനെ....ഇവര്‍ കളം വിട്ടു കളിച്ചിട്ടുണ്ടെങ്കില്‍ ആകെ ഗുലുമാലാകും! പാമ്പാട്ടി മുതല്‍ ഹരിപ്രസാദ് ചവ്രസ്സ്യ വരെ ഉപകരണ വാദികര്‍ തന്നെ!!!
      സാധാരണ നാടകത്തിനു നാലു ഉപകരണങ്ങളില്‍ ഒതുക്കും. ഹാര്‍മോണിയം, തബല, ഇലക്ട്രിക്‌ ഗിറ്റാര്‍ പിന്നെ വയലിന്‍ അല്ലെങ്കില്‍ ക്ലാരനെറ്റ് അല്ലെങ്കില്‍ ഫ്ലൂട്ട്. ശോക രംഗങ്ങളിലും മറ്റും നീട്ടിപ്പിടിപ്പിക്കാനാണ് വയലിന്‍ ക്ലാരനെറ്റ് എന്നിവ. അന്ന് തിരുക്കൊച്ചി ഭാഗത്ത് നാടക രംഗത്തെ അറിയപ്പെടുന്ന വയലിനിസ്റ്റ് ആയിരുന്നു പാലാ അപ്പച്ചന്‍. (അതിരമ്പുഴ അപ്പച്ചന്‍ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്, അങ്ങേരു പള്ളിമേടകളിലും മറ്റും കഥാപ്രസംഗത്തിന് കാക്ക കരയുന്നതും പട്ടിമോങ്ങുന്നതും കാഥികന്‍ ഏമ്പക്കം വിടുന്നതും മറ്റും വയലിനില്‍ വായിച്ചു (?) കാണികളുടെ കയ്യടി വാങ്ങുന്ന ഒരു വിദ്വാനാണ്! ഏതോ ഒരു കത്തോലിക്കാ ബിഷപ്പ് അങ്ങേര്‍ക്കു  ഫിഡില്‍ രാജാ എന്നൊരു പട്ടവും കൊടുത്തിട്ടുണ്ട്) പാലാ അപ്പച്ചനെ കോട്ടയം നാഷണല്‍ തിയേറ്റര്‍സില്‍ വച്ച് പരിചയപ്പെട്ടിട്ടുണ്ട്, എന്നോട് വലിയ കാര്യവും ആയിരുന്നു. (ഒറ്റ നോട്ടത്തില്‍ എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റുകയം പിന്നെ ബദ്ധ ശത്രു ആകുകയും ചെയ്യുന്ന സ്വഭാവം പണ്ടേ ഉണ്ട് കേട്ടോ ;) )
             ഞാന്‍ അപ്പച്ചനെ ചെന്ന് കണ്ടു. അപ്പച്ചന്‍ നാഷണല്‍ തിയേറ്റര്‍സില്‍ വായിച്ചു കൊണ്ടിരിക്കുകയാണ്. ഒരേ ദിവസം രണ്ട് നാടകത്തിനും ബുക്കിംഗ് വന്നാല്‍ കുഴങ്ങും. അപ്പച്ചന്‍ തന്നെ പ്രതിവിധിയും കണ്ടു പിടിച്ചു. അപ്പച്ചന്റെ സന്തത സഹചാരി ഒരു പാപ്പൂട്ടി എന്ന വയലിനിസ്റ്റ് ഉണ്ട്. പലായ്ക്കടുത്തു പൂവരണിയില്‍ ഉള്ള ഒരു സ്കൂള്‍ അദ്ധ്യാപകന്‍. (പാപ്പൂട്ടി പിന്നീട് മുവാറ്റുപുഴ Angel Voice ലെയും മറ്റും ലീഡ് വയലിനിസ്റ്റ് ആയിരുന്നു) പാപ്പൂട്ടിയെ സ്റ്റെപ്പിനി ആക്കാന്‍ തീരുമാനിച്ചു. നാഷണല്‍ തിയേറ്റര്‍സിന് നാടകം ഉള്ളപ്പോള്‍ പാപ്പൂട്ടി വരാം എന്നു സമ്മതിച്ചു. ഹാര്‍മോണിയം വായിക്കാന്‍ ചോറ്റി ജോയ് എന്ന ആളെ തരപ്പെടുത്തി. ജോയിയും നാടക രംഗത്തെ ഉസ്താദ് ആണ്. തബല വായിക്കാന്‍ എന്റെ നാട്ടുകാരന്‍ ഒരു കൃഷ്ണന്‍ നമ്പൂതിരിയും പിന്നെ ഗിറ്റാര്‍ വായിക്കാന്‍ ഞാനും. അങ്ങനെ ഓര്കെസ്ട്ര ടീമിന് ഒരു തീര്‍പ്പായി.
        ഇനി സംഗീത സംവിധായകന്‍ വേണം. അക്കാലത്തെ പല പ്രമുഖ സമിതികളുടെയും സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നവരുടെ പേരുകള്‍ മനസ്സിലിട്ടു കശക്കി നോക്കി.... അര്‍ജ്ജുനന്‍, രാഘവന്‍ , ബാബുരാജ് ....... അശ്വതി തിയേറ്റര്‍സിന്റെ സംഘാടകരുടെ ഹൃദയ സ്പന്ദനം ഏറ്റു വാങ്ങിയിരുന്നത് കൊണ്ട് ഇവരെക്കാളൊക്കെ സമയവും ക്ഷമയും ഒക്കെയുള്ള ഒരാളെയാണ് വേണ്ടത് എന്നു തീരുമാനിച്ചു. എഴുപതുകളില്‍ മലയാള നാടക രംഗത്ത് ഉദിച്ചുവരുന്ന ഒരു താരത്തെക്കുറിച്ച് പെട്ടെന്നാണ് ഓര്‍മ്മ വന്നത്   അര്‍ജുനന്റെ കേരളത്തിലെ ആര്‍. കെ . ശേഖര്‍.....! കുരകം രാജപ്പന്‍......!!

Sunday, November 28, 2010

ഹനീഫ

വാടിയലും സുകുമാരനുമൊക്കെ പഴയ കോഴിക്കോടന്‍ സംഗീത പാരമ്പര്യം ആണ്. അതുപോലെ കേരളത്തിലെ ഏറ്റവും മികച്ച കോങ്ഗോ ഡ്രമ്മര്‍മാരില്‍ ഒരാളായിരുന്നു ഹനീഫ.

ഒന്ന് രണ്ടു പ്രോഗ്രാമുകള്‍ക്ക് ഒന്നിച്ചു വായിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു രാത്രിയില്‍  മൂന്നാം ഗേറ്റിനടുത്തു പാളത്തിലൂടെ നടന്നു പോകുമ്പോള്‍ എതിരെ തീവണ്ടി വരുന്നത് കണ്ടു. കഞ്ചാവിന്റെ ലഹരിയില്‍ തീവണ്ടിയുമായി ചെറിയൊരു ഈഗോ ക്ലാഷ്. ട്രെയിന്‍ വേണമെങ്കില്‍ മാറി പൊക്കോട്ടെ എന്നു തന്നെ ഹനീഫ ശഠിച്ചു,,,,, പാവം വളരെ ചെറുപ്പം ആയിരുന്നു.