മധ്യതിരുവിതാംകൂര്‍ ഭാഷ്യം!!!
ജോണിനെക്കുറിച്ച് എന്ത് പറയാന്‍! ജോണ്‍ പഠിച്ച കലാലയത്തില്‍, ഇരുന്ന മുറികളില്‍, നടന്ന പാതകളില്‍, ഭക്ഷണം കഴിച്ച കാന്റീനിലും തങ്കച്ചന്റെ ഹോട്ടലിലും പില്‍ക്കാലത്ത് ഇരിക്കാനും നടക്കാനും കഴിക്കാനും കഴിഞ്ഞത് മാര്‍ത്തോമ കോളേജ് ലെ ഞാനടക്കമുള്ള എല്ലാ വിദ്യാര്‍ഥികളുടെയും ഭാഗ്യം! പറയാനേറെ ഉണ്ടെങ്കിലും ഒന്ന് രണ്ടു സംഭവങ്ങള്‍ മാത്രം മതിയാകും ജോണിന്റെ വ്യക്തിത്വ വിശകലനം നടത്താന്‍.
തിരുവല്ലയില്‍ മമ്പള്ളീസ് ബെസ്റ്റ് ബേക്കറി എന്നൊരു സ്ഥാപനമുണ്ട് (മലയാളികളെ റൊട്ടിയും കേക്ക്ഉം തിന്നാന്‍ പഠിപ്പിച്ച തലശ്ശേരിയിലെ ധര്‍മ്മടത്തെ മമ്പള്ളിയുടെ കേരളമാകെ വ്യാപിച്ചു കിടക്കുന്ന ബേക്കറി ശൃംഖലയില്‍ ഒന്ന്) സ്ഥലത്തെ കലാ-സാഹിത്യ-കായിക പ്രേമികളുടെ അനൌദ്യോഗിക സംഗമ സ്ഥാനം.
ഒരു സായംസന്ധ്യയില്‍ അവിടെ നില്‍ക്കുമ്പോള്‍ റോഡിനു മറുഭാകത്ത് അതാ ജോണ്‍! റോഡിലെ ഗതാഗതത്തെ വകഞ്ഞു മാറ്റി ജോണ്‍ ഇക്കരെ എത്തിയപ്പോഴേയ്ക്കും മുങ്ങാനുള്ളവര്‍ മുങ്ങി, ശേഷിച്ചവര്‍ എന്തിനും തയാറായി നിന്നു. വന്നപാടെ ജോണ്‍ ധൃതിയില്‍ പറഞ്ഞു " ലക്ചെട്ടാ ഫ്രാന്‍സില്‍ കാനെ വരെ ഒന്ന് പോകുന്ന വഴിയാ, ഒരു അവാര്‍ഡ് വാങ്ങാന്‍, ഒരു എട്ടു രൂപയുടെ കുറവുണ്ട്*" മാമ്പള്ളി ലക്ഷ്മണന്‍ വലിപ്പ് തുറന്നു ഒരു പത്തു രൂപ നോട്ടു എടുത്തു കൊടുത്തത് വാങ്ങി ഒരു നന്ദി പോലും പറയാതെ, അവിടെ നിന്ന ഞങ്ങളെ കണ്ടഭാവം പോലും കാണിക്കാതെ വന്നതിന്റെ ഇരട്ടി സ്പീഡില്‍ റോഡു നീന്തി അക്കരെ പറ്റി. കറുത്ത ബോര്‍ഡില്‍ വലിയ വെളുത്ത മൂന്നു അക്ഷരങ്ങളില്‍ എഴുതിയ ആത്മവിദ്യാലയത്തിലെക്ക് കയറി രണ്ട് നിമിഷങ്ങള്‍ക്കകം ഇറങ്ങി വന്നു അപ്പോള്‍ അതുവഴി വന്ന കോട്ടയം ഫാസ്റ്റിന്റെ പിറകിലെ ഏണിയില്‍ ചാടിക്കയറി ഞങ്ങളെ നോക്കി കൈ വീശി ബൈ പറഞ്ഞു പോയി. എല്ലാം ഒരു മൂന്നു മിനിട്ടിനുള്ളില്‍ കഴിഞ്ഞു, ഒരായുസ്സുമുഴുവാന്‍ ഓര്‍ത്തു ഊറിചിരിക്കാന്‍! അതാണ് ജോണ്‍!!!
ജോണിനെപ്പോലെ ചാരായം കഴിക്കുന്നവരുണ്ടാകാം, കഞ്ചാവ് വലിക്കുന്നവരുണ്ടാകാം, കുളിക്കാതെയും പല്ലുതെക്കാതെയും നടക്കുന്നവരുണ്ടാകാം, പക്ഷെ ജോണിനെ ജോണാക്കുന്ന എന്തോ ഒന്ന് ആ തലയ്ക്കകത്തുണ്ടായിരുന്നു, ജോണിന് പോലും പിടികിട്ടിയിട്ടില്ലാത്ത ഈ ലോകത്തിലേയ്ക്ക് പൂര്‍ണ്ണമായി വ്യാപരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു സ്പാര്‍ക്ക്! ഒരു പക്ഷെ ഈ ഭൂമിക്ക് ജോണിനെ താങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടാവണമല്ലോ ജോണിന്റെ ഭൌതിക ശാസ്ത്രവും ഭൂമിയുടെ ഗുരുത്വാകര്‍ഷണവും തമ്മില്‍ പൊരുത്തപ്പെടാതെ പോയത്.
ജോണ്‍ സ്വര്‍ഗത്തില്‍ ആണെങ്കില്‍ അവിടെ അവിടെ അശാന്തി ആരംഭിച്ചു കഴിഞ്ഞു! നരകത്തിലാനെന്കില്‍ അവിടെ അശാന്തി ഇരട്ടി ആയിട്ടുണ്ടാവും.
ജോണ്‍ ഉള്ളിടത്ത് ശാന്തി ഉണ്ടാവില്ല!
ശാന്തി ഉള്ളിടത്ത് ജോണ്‍ ഉണ്ടാവില്ല!!
അതാണ് ജോണിന്‍റെ അശാന്തി മന്ത്രം!!!
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിരുന്ന കാലത്ത് തന്നെ സ്വന്തം സൃഷ്ട്ടികള്‍ അധ്യാപകര്‍ക്ക് ഗവേഷണ വിഷയവും സഹപാടികള്‍ക്ക് പഠന വിഷയവും ആയിത്തീര്‍ന്ന അത്യപൂര്‍വ്വ നേട്ടവും ജോണിന് സ്വന്തം.
അടുത്ത സംഭവം ജോണിന്റെ പ്രതിഭയുടെ മാറ്റ് തെളിയിക്കുന്നതാണോ മങ്ങലേല്‍പ്പിക്കുന്നതാണോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ. അല്ലെങ്കിലും ജോണ്‍
എപ്പോഴും അങ്ങിനെയായിരുന്നല്ലോ, ജോണിന്റെ സൃഷ്ടികളും! പുരികം ഉയര്‍ത്താതെയും നെറ്റി ചുളുക്കാതെയും ജോണിനെയും ജോണിന്റെ സൃഷ്ട്ടികളെയും കാണാനോ കേള്‍ക്കാനോ എന്നെപ്പോലൊരു അല്പ്പജ്ഞാനിക്ക് കഴിയില്ല, കേള്‍ക്കുന്നതും കാണുന്നതും അത്രയ്ക്കങ്ങ് മനസ്സിലാക്കാനും. ഒരു മനുഷ്യന് എത്രമാത്രം ധിക്കാരം ആകാമെന്നും ആകരുതെന്നും ഒരേ സമയം തെളിയിച്ച വിപ്ലവകാരിയാണ് അഗ്രഹാരത്തില്‍ കഴുതയെ കയറ്റിയ ആ തന്റേടി!
ഞങ്ങള്‍ തിരുവല്ലാക്കാര്‍ക്ക് ഒരു അനുഗ്രഹം ഉണ്ട്. ഞങ്ങളുടെ രാത്രികള്‍ക്ക് ഒരിക്കലും നീളം കൂടാറില്ല, വീട്ടില്‍ കിടന്നാല്‍ ഉറക്കം വരാത്ത ആ പ്രായത്തിലും കാലത്തിലും. നാട്ടിലും പരിസരങ്ങളിലും ഉള്ള എല്ലാ ഫസ്റ്റ്ഷോകളും സെക്കന്റ് ഷോകളും കണ്ടു കഴിഞ്ഞാലും ഞങ്ങളെപ്പോലെ ഉറക്കമിഴിഞ്ഞു ഇരിക്കുന്ന ഒരാളുണ്ട്, ഞങ്ങളുടെ വല്ലഭന്‍ അഥവാ തിരുവല്ലഭന്‍ അഥവാ ശ്രീവല്ലഭന്‍! കഥകളി ആണ് മൂപ്പരുടെ വഴിപാട്. ആരുടേയും വഴിപാടു ഇല്ലെങ്കില്‍ പോലും ഒരു വേഷമെങ്കിലും കെട്ടി ആടിയിട്ടെ നട അടയ്ക്കൂ. അതിനാല്‍ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും കഥകളി നടത്തുന്ന സ്ഥലമാണ് ശ്രീവല്ലഭ ക്ഷേത്രം സ്ഥിതി ചെയ്യന്ന എന്റെ നാട്. വായിക്കാന്‍ താല്പര്യവും സമയവും ഉള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരിക്കല്‍ ജോണും കഥകളി കാണാന്‍ കൂട്ടത്തില്‍ കൂടി, കൂടെ ജോണിന്റെ പ്രതിഭ ഒഴികെ മറ്റെല്ലാ ഗുണങ്ങളും കൈമുതലായുള്ള ഒരു പറ്റം ശിങ്കിടികളും!
ചുരുക്കത്തില്‍ ഞാനൊഴികെ മറ്റെല്ലാവരും ഭ്രമണപഥത്തിനു മുകളില്‍ ശൂന്യാകാശത്തില്‍ ഒഴുകി നടക്കുകയാണ്. കഥകളി തുടങ്ങി, ശിങ്കിടികള്‍ ഓരോന്നായി ഓരോ വശം ചരിഞ്ഞു. ഹൈദരാലിയുടെ പാട്ടിനൊപ്പം കേശവന്റെ ചെണ്ടയും അപ്പുക്കുട്ടിപ്പൊതുവാളിന്‍റെ മദ്ദളവും മുറുകി.. കൃഷ്ണന്‍ നായരുടെ പൂതന അരങ്ങത്തു മനോധര്‍മം ആടിത്തകര്‍ക്കുമ്പോള്‍ ഒരുല്‍ക്കിടിലത്തോടെ ഞാന്‍ അറിയുന്നു.....ജോണിനെ കാണാനില്ല!
അകവാള് വെട്ടി.. എന്തും സംഭവിക്കാം. ഒരു ശുദ്ധികലശത്തിനുള്ള കാശിനു പിരിവെടുക്കേണ്ടി വരുമോ എന്ന ആധിയില്‍ ഏക്കര്‍ കണക്കിനുള്ള ക്ഷേത്രാങ്കണത്തിലെ ഓരോ ഇഞ്ചും പരതി. ഫലം നാസ്തി...അവസാനം ഹതാശനായി പരിചയമുള്ള ഭാരവാഹികളാരെങ്കിലും ഉണ്ടോ എന്ന് തപ്പി അരങ്ങിന്റെ പുറകിലേയ്ക്ക് നടന്നു. അവിടെ അതാ ഭഗവാന്റെ തിരുവനന്തപുരം പോസില്‍ ജോണ്‍ ശയിക്കുന്നു..
അരങ്ങിന്റെ പിറകിലെ വെള്ള തിരശീലയിലെ നിഴലാട്ടം ആസ്വദിച്ചുകൊണ്ട്..
അടുത്തു ചെന്നപ്പോള്‍ അഗ്രഹാരത്തിലെ കഴുത ഉവാച.."ഇതാണ് യദാര്‍ത്ഥ കല"
No comments:
Post a Comment